തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും,​ മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും,​പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം,​ സി.ബി.ഐ അന്വേഷണം ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച്‌ നടുത്തളത്തിലിറങ്ങി. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

രണ്ടു പെണ്‍കുട്ടികളെ കൊന്നവര്‍ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണമെന്ന് പ്രതിപക്ഷം ചോദിച്ചു. കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രതികളെ പുറത്തിറക്കിയത് അരിവാള്‍ ചുറ്റിക പാര്‍ട്ടിയാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ തന്നെ പറയുന്നെന്നും ഷാഫി പറമ്ബില്‍ എം.എല്‍.എ കുറ്റപ്പെടുത്തി.