ചെന്നൈ: 40 മണിക്കൂര്‍ പിന്നിട്ടിട്ടും കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്റെ അടുത്ത് എത്താന്‍ രക്ഷാ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കുട്ടിയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, രണ്ടുവയസ്സുകാരന്‍ വിളികളോട് പ്രതികരിക്കുന്നത് നിര്‍ത്തിയതില്‍ ആശങ്കയുണ്ട്.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വെളളിയാഴ്ച വൈകീട്ടാണ് രണ്ട് വയസുകാരനായ സുജിത് വില്‍സണ്‍ കുഴല്‍ക്കിണറില്‍ വീണത്. കയറ് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുളള ശ്രമത്തിനിടെ, 26 അടിയില്‍ നിന്ന് കുട്ടി 70 അടി താഴ്ചയിലേക്ക് വീണു. നിലവില്‍ സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുളള ശ്രമമാണ് നടക്കുന്നത്. സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന ഒരു സംഘമാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായിരിക്കുന്നത്.

ഒരു തടസ്സവും കൂടാതെ രക്ഷാദൗത്യം മുന്നേറുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 300 പേരാണ് രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒഎന്‍ജിസി കുഴികളെടുക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് സമാന്തരമായി കുഴി നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് താഴെയിറങ്ങി കുഞ്ഞിനെ എടുത്ത് മുകളിലേക്ക് കയറിവരാന്‍ പാകത്തിലുള്ള കുഴിയാണ് നിര്‍മിക്കുന്നത്. കുട്ടിയുടെ ജീവന് വേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുന്നതിന് വേണ്ടി മധുര മീനാക്ഷി ക്ഷേത്രത്തില്‍ ഒരു ഭക്തന്‍ വഴിപാട് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.