തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ദുഷ്പ്രചരണങ്ങള്‍ നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും മഞ്ജു മൊഴി നല്‍കിയെന്നാണ് വിവരം.
തൃശ്ശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസന് മുന്‍പാകെയാണ് മഞ്ജു മൊഴി നല്‍കിയത്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശത്തോടെ പിന്തുടരുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് മഞ്ജുവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്കിയ പരാതിയില്‍ മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നത്. തന്നെ, നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന് തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.
തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ടെന്നും. “ഒടിയന്’ ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ടെന്നും മഞ്ജു ആരോപിച്ചിരുന്നു. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ശ്രീകുമാര്‍ ബന്ധപ്പെട്ടത്തിന്റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറിയിരുന്നു.