അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന്‌ യുണിസെഫ്‌ റിപ്പോര്‍ട്ട്‌. 2018ല്‍ 8.82 ലക്ഷം കുഞ്ഞുങ്ങളാണ്‌ ഇന്ത്യയില്‍ മരിച്ചത്‌. നൈജീരിയയും (8.66 ലക്ഷം) പാകിസ്ഥാനു (4.09ലക്ഷം)മാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌. ഏറ്റവും അധികം ജനസംഖ്യയുള്ള ചൈന (1.46ലക്ഷം) ആറാം സ്ഥാനത്താണ്‌. ഇന്ത്യയില്‍ ശരാശരി മരണനിരക്ക്‌ 1000ത്തിന്‌ 37 ആണ്‌. യുണിസെഫ്‌ 16ന്‌ പ്രസിദ്ധീകരിച്ച ‘ദ സ്‌റ്റേറ്റ്‌ ഓഫ്‌ ദ വേള്‍ഡ്‌സ്‌ ചില്‍ഡ്രന്‍’ റിപ്പോര്‍ട്ടിലാണ്‌ ഇന്ത്യയുടെ മോശം അവസ്ഥ വെളിവാക്കുന്നത്‌.

ഇന്ത്യയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തില്‍ 69 ശതമാനത്തിനും കാരണം പോഷകാഹാരക്കുറവാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. രണ്ടില്‍ ഒരു കുട്ടി പോഷകാഹാരക്കുറവും 35 ശതമാനം കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പും നേരിടുന്നു. ആറുമുതല്‍ 23 മാസംവരെ പ്രായമുള്ള കുട്ടികളില്‍ 42 ശതമാനത്തിനുമാത്രമാണ്‌ കൃത്യമായി ഭക്ഷണം ലഭിക്കുന്നത്‌.

രാജ്യത്തെ രണ്ടില്‍ ഒരു സ്‌ത്രീക്ക്‌ വിളര്‍ച്ചയുണ്ട്‌. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ വിളര്‍ച്ച കൂടുതലാണ്‌. കൗമാരക്കാരായ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളില്‍ വിളര്‍ച്ച രണ്ട്‌ മടങ്ങാണ്‌. രക്തസമ്മര്‍ദം, കടുത്ത വൃക്ക രോഗങ്ങള്‍, പ്രമേഹം തുടങ്ങി മുതിര്‍ന്നവരിലുള്ള രോഗങ്ങള്‍ കുട്ടികളിലുമുണ്ട്‌. വിറ്റാമിന്‍ കുറവുള്ളതായും റിപ്പോര്‍ട്ട്‌ പറയുന്നു.

20 വര്‍ഷത്തിനുശേഷമാണ്‌ ഇത്തരമൊരു റിപ്പോര്‍ട്ട്‌ യുണിസെഫ്‌ പുറത്തിറക്കിയത്‌. പട്ടിണിയിലും പോഷകാഹാരക്കുറവിലും ഇന്ത്യ ലോകത്ത്‌ ദരിദ്രരാജ്യങ്ങളേക്കാള്‍ മോശമാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.