ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ സുജിത്തിന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് തലൈവന്‍ രജനികാന്ത്. കുട്ടിയെ രക്ഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നത് കാണാതിരിക്കാനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിക്കാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെ ആണ് കുട്ടി കിണറില്‍ വീണത്. 600 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാല്‍ സമാന്തരമായി കിണര്‍ കുഴിച്ച്‌ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 100 അടിയോളം താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളതെന്നാണ് വിവരം.

വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘം സ്ഥലത്ത് തമ്ബടിച്ചിട്ടുണ്ട്. കഴിഞ്ഞ 36 മണിക്കൂറോളമായി കുട്ടി കിണറില്‍ കുടുങ്ങി കിടക്കുകയാണ്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം ഇപ്പോഴും നടന്നു വരികയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി കൂടി എടുത്താണ് കുട്ടിയെ പുറത്ത് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്.