ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തില്‍ വീഴ്‌ചവരുത്തിയ കൊച്ചി നഗരസഭയ്‌ക്ക്‌ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌ 10.05 കോടി രൂപ പിഴ വിധിച്ചു. കളമശേരി നഗരസഭയ്‌ക്ക്‌ 1.8 കോടി രൂപയും പിഴയിട്ടിട്ടുണ്ട്‌. 2016ലെ ഖരമാലിന്യ സംസ്‌കരണനിയമപ്രകാരമുള്ള മാലിന്യ സംസ്‌കരണം സമയബന്ധിതമായി നടത്താത്തതിനാണ്‌ നടപടി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇതേ ആക്ഷേപങ്ങളോടെ ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി നഗരസഭയ്‌ക്ക്‌ ഒരു കോടി രൂപ പിഴ വിധിച്ചിരുന്നു.

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാനതല നിരീക്ഷണ സമിതിയിലെയും വിദഗ്‌ധര്‍ വിലയിരുത്തിയാണ്‌ പിഴ വിധിച്ചത്‌. ഖരമാലിന്യ സംസ്‌കരണത്തിന്‌ സംവിധാനം ഏര്‍പ്പെടുത്താന്‍ നഗരസഭകള്‍ക്ക്‌ മൂന്നുവര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. 25ന്‌ അതിന്റെ കാലാവധി അവസാനിച്ചു.

ഏപ്രില്‍ മുതല്‍ സെപ്‌തംബര്‍വരെ ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ്‌ നിരീക്ഷിച്ചിരുന്നു. ഇക്കാലയളവില്‍ പ്രതിദിനം ശരാശരി 365.19 ടണ്‍ മാലിന്യം പ്ലാന്റില്‍ എത്തിച്ചിരുന്നതായാണ്‌ കണക്ക്‌. എന്നാല്‍ പത്തുശതമാനം മാത്രം സംസ്‌കരിക്കാനുള്ള സംവിധാനമേ നിലവിലുള്ളൂ. പ്ലാന്റ്‌ മാലിന്യം തള്ളാനുള്ള കേന്ദ്രം മാത്രമായി മാറിയെന്നാണ്‌ ബോര്‍ഡിന്റെ വിലയിരുത്തല്‍.

ഭക്ഷ്യമാലിന്യം സംസ്‌കരിക്കാന്‍ പരിമിത സൗകര്യം മാത്രമാണ്‌ പ്ലാന്റിലുള്ളത്‌. കടമ്ബ്രയാര്‍ മലിനമായതായുള്ള പരാതികളും ഉയര്‍ന്നു. കഴിഞ്ഞ ഒമ്ബതു വര്‍ഷവും പ്ലാന്റ്‌ പരിഷ്‌കരിക്കാനോ പിഴവുകള്‍ തീര്‍ത്ത്‌ നവീകരിക്കാനോ നഗരസഭ ശ്രമിച്ചില്ലെന്ന വിമര്‍ശനവും സംസ്ഥാന നിരീക്ഷണ സമിതിയെ അറിയിച്ചിട്ടുണ്ട്‌.

പരിസ്ഥിതിക്ക്‌ ആഘാതമുണ്ടാക്കിയതിന്‌ നഷ്‌ടപരിഹാരമായി ബോര്‍ഡ്‌ വിധിച്ച പിഴയ്‌ക്ക്‌ തുല്യമായ മാലിന്യസംസ്‌കരണ സംവിധാനം നഗരസഭ ഏര്‍പ്പെടുത്തേണ്ടിവരും. ബ്രഹ്മപുരം മാലിന്യത്തില്‍നിന്ന്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ്‌ സ്ഥാപിക്കാനുള്ള പദ്ധതി നഗരസഭയ്‌ക്കുണ്ട്‌. മാലിന്യ പ്രശ്‌നത്തിന്‌ അടിയന്തര പരിഹാരമുണ്ടാക്കുന്ന നടപടികളാണ്‌ നടപ്പാക്കേണ്ടത്‌.

നഗരസഭ അടയ്‌ക്കുന്ന പിഴത്തുക അതിനായി തിരികെ നഗരസഭയ്‌ക്കുതന്നെ നല്‍കും. വീഴ്‌ച വരുത്തിയാല്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ കടുത്ത ശിക്ഷാ നടപടികളുണ്ടാകും. മാലിന്യ സംസ്‌കരണത്തിന്‌ ചെലവാക്കേണ്ട തുക മറ്റാവശ്യങ്ങള്‍ക്ക്‌ നീക്കാതിരിക്കാനാണ്‌ ഇത്‌.

ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്‌ചകള്‍ക്കാണ്‌ കഴിഞ്ഞ വര്‍ഷം ദേശീയ ഹരിത ട്രിബ്യൂണല്‍ നഗരസഭയ്‌ക്ക്‌ ഒരു കോടി രൂപ പിഴ വിധിച്ചത്‌. വൈദ്യുതോല്‍പ്പാദന പ്ലാന്റിന്‌ കല്ലിട്ടതല്ലാതെ നിര്‍മാണം മുന്നോട്ട്‌ പോകാത്തതും വിനയായി. ഇതിനെതിരെ ഹൈക്കോടതിയില്‍നിന്ന്‌ സ്‌റ്റേ വാങ്ങിയെങ്കിലും ഒരു കോടിരൂപയുടെ ബാങ്ക്‌ ഗ്യാരന്റി നല്‍കേണ്ടിവന്നു. കളമശേരിയില്‍ മാലിന്യ സംസ്‌കരണത്തിന്‌ സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടില്ല. ബ്രഹ്മപുരം പ്ലാന്റിലാണ്‌ മാലിന്യം തള്ളുന്നത്‌.