കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെ മാറ്റാനുള്ള നീക്കത്തില്‍ എറണാകുളത്തെ കോണ്‍ഗ്രസ് ലോബി നിരത്തുന്ന വാദങ്ങള്‍ ദുര്‍ബലമാകുന്നു.

മേയറെ മാത്രം ബലിയാടാക്കി എന്ന പരാതി ഒഴിവാക്കാനുള്ള കുതന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും പുതിയ മേയറാകാന്‍ കാത്തിരിക്കുന്ന അതിസമ്ബന്നയായ കൌണ്‍സിലര്‍ക്കുവേണ്ടിയാണ് ഗ്രൂപ്പ് മറന്ന് എറണാകുളത്തെ ‘കള്ളക്കച്ചവടക്കാര്‍’ രംഗത്ത് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നഗര ഭരണത്തിന്‍റെ പരാജയത്തിന്‍റെ സകല ഉത്തരവാദിത്വവും മേയറില്‍ ചാര്‍ത്താനുള്ള കോണ്‍ഗ്രസിലെ ‘അതിസമര്‍ഥരായ’ എറണാകുളം നേതാക്കളുടെ നീക്കമാണ് ഏറ്റവും വലിയ തമാശ.

ഡെപ്യൂട്ടി മേയര്‍ – അയ്യോ .. പാവം !

23 വര്‍ഷം കോര്‍പറേഷന്‍ കൌണ്‍സിലറും കഴിഞ്ഞ ദിവസം വരെ ഡെപ്യൂട്ടി മേയറും ഡിസിസി അധ്യക്ഷനുമായിരുന്ന എറണാകുളത്ത് വിജയിച്ച ടിജെ വിനോദിന് ഈ ഭരണത്തകര്‍ച്ചയില്‍ ഒരു ഉത്തരവാദിത്വവും ഇല്ല , സൗമിനി മാത്രമാണ് എല്ലാത്തിനും ഉത്തരവാദി എന്ന്‍ ഇന്നലെ യോഗം ചേര്‍ന്ന് കണ്ടെത്തിയ നേതാക്കളുടെ വിലയിരുത്തലാണ് കൗതുകം.

യു ഡി എഫിലാണെങ്കിലും എല്‍ ഡി എഫിലാണെങ്കിലും വനിതയാണ്‌ തദ്ദേശ ഭരണ അധ്യക്ഷയെങ്കില്‍ ഭരിക്കുന്നത് ഉപാധ്യക്ഷനായ പുരുഷ നേതാവായിരിക്കും എന്നത് കേരളത്തിലെ അലിഖിത നിയമമാണ്. എന്നാല്‍ എറണാകുളത്തെ സാഹചര്യം അത് മാത്രമല്ല.

കോര്‍പ്പറേഷനിലെ ഏറ്റവും സീനിയറായ കൌണ്‍സിലറും ഡെപ്യൂട്ടി മേയറും നഗരഭരണത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവും അതിലുപരി ഡിസിസി അധ്യക്ഷനുമാണ് ടിജെ വിനോദ്.

ആ വിനോദിനെ മൂലക്കിരുത്തി നഗരസഭയില്‍ സൗമിനി ഏകപക്ഷീയമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞാല്‍ കൊച്ചിക്കാര്‍ വിശ്വസിക്കില്ല. കോര്‍പ്പറേഷന്‍ നിയന്ത്രിച്ചിരുന്നത് ഡെപ്യൂട്ടി മേയറായ വിനോദായിരുന്നു. ഡിസി സി അധ്യക്ഷനും ഡെപ്യൂട്ടി മേയറുമായ വിനോദിനെ മറികടന്ന് അവിടെ ഒരിലയനക്കാന്‍ സൗമിനിക്ക് കഴിയില്ലെന്നിരിക്കെയാണ് ഇപ്പോള്‍ മേയര്‍ക്കെതിരെയുള്ള പടയൊരുക്കം.

മേയര്‍ കസേരക്കായി ‘കോടികള്‍’ ?

എന്നിട്ടും നഗരഭരണം അമ്ബേ പരാജയം ആയിരുന്നെന്നാണ് കഴിഞ്ഞ ദിവസം ഒത്തുകൂടിയ നേതാക്കള്‍ പറയുന്നതെങ്കില്‍ നഗരസഭയില്‍ ഒന്നിനും കൊള്ളാത്തവനെ അവിടുന്ന് ഒഴിവാക്കാനായിരുന്നോ നിയമസഭയിലേയ്ക്ക് മത്സരിപ്പിച്ചതെന്നു കൂടി ഈ നേതാക്കള്‍ ജനങ്ങളോട് പറഞ്ഞേക്കണം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍ യഥാര്‍ത്ഥ നീക്കം മറ്റൊന്നാണ്. ഗ്രൂപ്പൊക്കെ മറന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ ഒരു മെയ്യായി ഒത്തുകൂടണമെങ്കില്‍ അതില്‍ ഇവര്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന എന്തെങ്കിലും ഒരു ഘടകം ഉണ്ടാകാതെ വരില്ല.

സൗമിനിയെ മാറ്റി മറ്റൊരാളെ മേയറാക്കാന്‍ ജില്ലയിലെ ഉന്നതന്‍ കമിറ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എത്ര കോടി മുടക്കിയാണെങ്കിലും ഞാന്‍ മേയറായിരിക്കുമെന്ന്‍ ഒരു കൌണ്‍സിലര്‍ വെല്ലുവിളിച്ചിരുന്നതും നഗരസഭയില്‍ പാട്ടാണ്. ഗ്രൂപ്പ് മറന്ന് അവര്‍ എല്ലാ നേതാക്കളെയും കൈയ്യിലെടുത്തിട്ടുണ്ടെന്നതാണ് വസ്തുത.

ലക്ഷ്യം സൗമിനി !

സൗമിനി ജെയിന്‍ അഴിമതിക്കാരിയല്ലെന്ന് ജനത്തിനറിയാം. നേതാക്കള്‍ക്കും അറിയാം. കറകളഞ്ഞ വ്യക്തിത്വം സൂക്ഷിക്കുന്ന നല്ലൊരു കുടുംബിനി കൂടിയായ സൗമിനി ഇപ്പോള്‍ കൊച്ചിയിലെ ഏറ്റവും ജനപ്രിയയായ കോണ്‍ഗ്രസ് നേതാവാണ്‌.

അങ്ങനൊരു നേതാവ് കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവരെ ഇല്ലാതാക്കാന്‍ ആദ്യം ഇറങ്ങുക കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെയാണ്. സിപിഎം ചെയ്യാനിരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ കാലേക്കൂട്ടി ചെയ്യുന്നു എന്ന് മാത്രം. അതിനു വീണുകിട്ടിയതുപോലെ ഒരു കോടതി പരാമര്‍ശവും കിട്ടി.

അതവസരമാക്കാന്‍ മേയര്‍മോഹിയും കൂട്ടുകാരും നടത്തുന്ന നീക്കങ്ങളാണ് പുതിയ വിവാദം. അതറിവുന്നതിനാലാണ് മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷന്‍ തുറന്നടിച്ചത്. അപ്പോള്‍ അദ്ദേഹത്തെ കടത്തി വെട്ടാനാണ് എറണാകുളത്തെ പ്രമുഖര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. അതിനു പിന്നില്‍ വലിയ കരുനീക്കങ്ങളാണ് നടന്നത് . അത് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.