അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യില്‍ നാണക്കേടിന്റെ റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്ത് ശ്രീലങ്കന്‍ പേസ് ബൗളര്‍ കസുന്‍ രജിത. ഒരു ട്വന്റി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന റെക്കോഡാണ് രജിതയുടെ പേരിലായത്.

നാല് ഓവറില്‍ 75 റണ്‍സ് ലങ്കന്‍ പേസര്‍ വിട്ടകൊടുത്തു. ഇതോടെ തുര്‍ക്കിയുടെ ടുനഹാന്‍ ടുറാന്റെ പേരിലുള്ള റെക്കോഡ് പിന്നിലായി. ചെക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ ടുറാന്‍ 70 റണ്‍സാണ് വഴങ്ങിയത്.

ഏഴ് ഫോറും ആറു സിക്‌സും രജിതയുടെ പന്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചെടുത്തു. മൂന്നാം ഓവറില്‍ മാത്രം വഴങ്ങിയത് 25 റണ്‍സാണ്. ആദ്യ ഓവറില്‍ 11ഉം രണ്ടാം ഓവറില്‍ 21 റണ്‍സും കൊടുത്തു. നാലാം ഓവറില്‍ 18 റണ്‍സാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്.

ഒമ്ബത് ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകളാണ് ഇരുപത്തിയാറുകാരന്റെ അക്കൗണ്ടിലുള്ളത്. മത്സരത്തില്‍ ശ്രീലങ്കയെ 134 റണ്‍സിന് ഓസീസ് പരാജയപ്പെടുത്തിയിരുന്നു. 234 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക നേടിയത് 99 റണ്‍സ് മാത്രമാണ്.