ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായിട്ടാണ് മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നത്. റജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീരിലെ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പമാണ് മോദിയുടെ ആഘോഷം.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ആദ്യമായെത്തിയ ദിവസത്തിന്റെ വാര്‍ഷികാഘോഷവും നടക്കുകയാണ്. പാകിസ്താന്‍ സൈന്യവും സായുധ സംഘങ്ങളും ചേര്‍ന്ന് കശ്മീരിനെ ആക്രമിച്ച 1947ലാണ് ഇന്ത്യന്‍ സൈന്യം ആദ്യമായി കശ്മീരിലെത്തുന്നത്. കശ്മീരിലെ ഭരണകൂടം ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതോടെ പാകിസ്താന്‍ കടന്നാക്രമണത്തില്‍ നിന്ന് പിന്‍മാറി. പക്ഷേ അവര്‍ പിടിച്ചടക്കിയ പ്രദേശം കശ്മീരിന് വിട്ടുകൊടുത്തില്ല. ഈ പ്രദേശമാണ് പാക് അധിനിവേശ കശ്മീരായി അറിയപ്പെടുന്നത്.

മോദി അതിര്‍ത്തി പ്രദേശമായ റജൗരിയിലെ സൈനിക ഓഫീസിലേക്കാണ് നേരിട്ടെത്തിയത്. അതിര്‍ത്തിയില്‍ വിന്യസിച്ച സൈനികരുമായി അദ്ദേഹം സംവദിച്ചു. 2014ല്‍ ആദ്യം പ്രധാനമന്ത്രിയായ ശേഷം മോദി ഇത് മൂന്നാം തവണയാണ് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തിന് കശ്മീരിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷം മോദിയുടെ ദീപാലവി ആഘോഷം ഇന്തോ-തിബറ്റന്‍ സൈനികര്‍ക്കൊപ്പം ഉത്തരാഖണ്ഡിലായിരുന്നു. 2014ല്‍ സിയാച്ചിനിലെ സൈനികര്‍ക്കൊപ്പമാണ് മോദി ആഘോഷിച്ചത്. 2015ല്‍ പഞ്ചാബ് അതിര്‍ത്തിയിലായിരുന്നു. തൊട്ടടുത്ത വര്‍ഷം ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ വിന്യസിച്ച സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്.