എന്താണ് യൂറിക് ആസിഡ് (Uric Acid)?

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ (purine) എന്ന ഘടകം, ശരീരത്തില്‍ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.

എങ്ങിനെ യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കുന്നു?

യൂറിക് ആസിഡിന്റെതോത് ശരീരത്തില്‍ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങള്‍ കൊണ്ടും, കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

മറ്റു കാരണങ്ങള്‍: ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവര്‍ത്തനം എന്നിവ മൂലം ഇതു സംഭവിക്കാം. തൈറോയ്ഡിന്റെ പ്രവര്‍ത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തില്‍ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു

എന്തെല്ലാം ബുദ്ധിമുട്ടുകളാണ് യൂറിക് ആസിഡ് ശരീരത്തില്‍ വര്‍ധിച്ചാല്‍ ഉണ്ടാകുന്നത് ?

രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസെമിയ (Hyperuricemia) എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് (crystals) ഉണ്ടാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നു. ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു.

എത്രയാണ് യൂറിക് ആസിഡ് നോര്‍മല്‍ ലെവല്‍?

സാധാരണയായി പുരുഷന്മാരില്‍ നാലു മുതല്‍ എട്ടു വരെ mg/dl യൂറിക് ആസിഡ് ആണു കാണാറുള്ളത് (4-8 mg/dl). എന്നാല്‍ സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ കുറവായിരിക്കണം (2.4-6 mg/dl).

ആര്‍ത്തവം ഉള്ള സ്ത്രീകളില്‍ യൂറിക് ആസിഡ് ഉയരാതെ നോക്കുന്നത് അവരിലുള്ള ഈസ്ട്രജന്‍ (Oestrogen) എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണിന് (Hormone) യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്.

യൂറിക് ആസിഡ് കൂടിയാല്‍ എന്തൊക്കെയാണ് ബുദ്ധിമുട്ടുകള്‍?

യൂറിക് ആസിഡ് പുറന്തള്ളാതെ നിന്നാല്‍ അവ ശരീരത്തില്‍ അടിഞ്ഞു കൂടും. യൂറിക് ആസിഡ് ക്രിസ്റ്റലുകളായി പ്രധാനമായും കാലിന്റെ പെരുവിരലിലെ സന്ധികളില്‍ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന അതികഠിനമായ വേദന ഉണ്ടാകുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാന്‍ പറ്റാതെയും വരുന്നു. ഈ വേദന മൂന്ന് മുതല്‍ നാലാഴ്ച വരെ തുടരാം. കാലിന്റെ പെരുവിരലില്‍ ആണ് ആദ്യം ഇതു ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകള്‍ എന്നിവയിലും ഉണ്ടാകാം, ഈ രോഗാവസ്ഥയാണ് ഗൗട്ട് (Gout).

യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല് (Kidney Stone), വൃക്കസ്തംഭനം (Kidney Failure) എന്നീ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. യൂറിക് ആസിഡ് അളവു വളരെ കൂടിയ 50 ശതമാനം പേരിലും വൃക്കയില്‍ കല്ലുണ്ടാകും. ഈ കല്ലുകള്‍ വൃക്കാ നാളിയിലോ മൂത്രനാളത്തിലോ അടിഞ്ഞു കൂടുന്നത് സങ്കീര്‍ണമായ വൃക്കാ സ്തംഭനത്തിന് കാരണമാകുന്നു.

രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ പോലും ചില ആളുകളില്‍ ഇത് പ്രശ്നം ഉണ്ടാകാറില്ല. ഇത്തരം ആളുകള്‍ക്ക് ചികിത്സ ആവശ്യമില്ല. എന്നാല്‍ ഇവര്‍ക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ്. അത് പോലെ ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമാകാം.

ഗൗട്ട് എങ്ങനെ കണ്ടെത്താം? വാതരോഗവുമായി എങ്ങനെ തിരിച്ചറിയാം?

രോഗിയുടെ രക്ത പരിശോധനയിലൂടെ യൂറിക് ആസിഡ് അളവു കൂടിയിരിക്കുന്നത് അറിയാം. എന്നാല്‍ ഈ രക്തപരിശോധന കൊണ്ടു ഗൗട്ട് ഉണ്ടോ എന്നു പറയാനാകില്ല. ഗൗട്ട് അവസ്ഥയില്‍ നീരു വച്ച സന്ധിയില്‍ നിന്നും കുത്തിയെടുക്കുന്ന ദ്രാവകത്തില്‍ കാണപ്പെടുന്ന യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് ആണ് രോഗം ഉറപ്പാക്കാന്‍ വേണ്ടത്. എക്സ്-റേ (x -ray) പരിശോധനയില്‍ ഗൗട്ട് ഉണ്ടോയെന്ന് അറിയാം.

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (Rheumatoid Arthritis) എന്ന വാതരോഗം, കൈയിലെയും കാലിലെയും എല്ലാ വിരലുകളിലും വേദനയും വൈകല്യവും അനുഭവപ്പെടുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഗൗട്ട് പ്രധാനമായും ഒരു സന്ധിയില്‍ കേന്ദ്രീകരിച്ച്‌ വേദനയും നീരും അനുഭവപ്പെടുത്തുന്ന വാതരോഗമാണ്. അപൂര്‍വമായേ ഒന്നിലധികം സന്ധികളില്‍ വരൂ. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമായിരിക്കും ഗൗട്ട് അറ്റാക്ക് ഉണ്ടാവുക. എന്നാല്‍ വാത രോഗം കുറെ നാള്‍ നിക്കും. സ്ത്രീകളിലാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കൂടുതല്‍ കാണപ്പെടുന്നത്.

യൂറിക് ആസിഡ് കുറക്കാന്‍ പ്രകൃതിദത്തമായ വഴികള്‍ എന്തൊക്കെയാണ്?

1. പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ (detoxifier) ആണ് ഇത് . ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു രാവിലെയും രാത്രിയും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കും.

2. നാരങ്ങാ വെള്ളം രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെറുചൂടു വെള്ളത്തില്‍ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. അസിഡിറ്റി ഉള്ളവര്‍ ആഹാരത്തിനു ശേഷം ഇത് കുടിക്കുക.

3. യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികള്‍ വരെ കഴിക്കുന്നത്‌ നല്ലതാണ്‌.

4. ശരീരത്തിലെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വെള്ളം. ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ നിയന്ത്രിക്കുന്നതിന്‌ ദിവസം 2-3 ലീറ്റര്‍ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്ബോള്‍ യൂറിക്‌ ആസിഡ്‌ വൃക്കയില്‍ നിന്നും മൂത്രമായി പുറത്തു പോകും. ദിവസവും 2-3 ലീറ്റര്‍ വെള്ളം കുടിക്കുന്ന ഒരാള്‍ക്ക്‌ ഗൗട്ട് പ്രശ്നം 40-50 ശതമാനം വരെ കുറയും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

5. യൂറിക് ആസിഡ് കുറയ്ക്കാന്‍ ശരീരഭാരം നിയന്ത്രിക്കുക. വണ്ണമുള്ളവര്‍ 10-15% അവരുടെ തൂക്കം കുറയ്ക്കുമ്ബോള്‍ യൂറിക് ആസിഡ് കുറയും. വ്യായാമം ചെയ്തു ആഹാരം നിയന്ധ്രിച്ചു യൂറിക് ആസിഡ് കുറയ്ക്കണം. പട്ടിണി കിടന്നാല്‍ യൂറിക് ആസിഡ് വര്‍ധിക്കും.

6. വിവിധയിനം യീസ്റ്റ് (yeast) ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മദ്യം, ബ്രഡ്, കേക്ക് ഇവ പ്രധാനമായും ഒഴിവാക്കണം.

7. മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, അവയവ മാംസങ്ങളായ കരള്‍, കിഡ്നി, ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം.

8. മത്സ്യങ്ങളില്‍ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവര്‍ മുതലായവയും ഒഴിവാക്കുക.

9. കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവല്‍ പഴം,കറുത്ത ചെറി, ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങ, റാഗി, നാരുകള്‍ അടങ്ങിയതും ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു. പൈന്‍ആപ്പിളും വളരെ നല്ലതാണ്, അതിലെ ബ്രോമലിന്‍ എന്ന ഘടകം യൂറിക് ആസിഡ് കുറയ്ക്കും.

10. യൂറിക് ആസിഡ് രക്തത്തില്‍ കൂടാനുണ്ടായ കാരണം കണ്ടെത്തി ശരിയാക്കുക. രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവയും നിയന്ത്രിക്കണം.

ഇത്രയും ചെയ്തിട്ടും യൂറിക് ആസിഡ് കുറഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യണം?

അമിതമായ യൂറിക് ആസിഡിനെയും ഗൗട്ടിനെയും ചികിത്സിക്കാന്‍ മരുന്നുകളുണ്ട്. ഗൗട്ട് ചികിത്സിക്കാന്‍ വേദനാസംഹാരികളാണ് (Analgesic) ആദ്യം ഉപയോഗിക്കേണ്ടത്. വേദന മാറിയതിനുശേഷം ശരീരത്തിലെ അധികമുള്ള യൂറിക് ആസിഡ് പുറംതള്ളുന്നതിനായി അലോപ്യൂരിനോള്‍ (Allupurinol) അല്ലെങ്കില്‍, ഫെബുക്സോസ്ടാറ്റാ (Febuxostat) എന്നീ മരുന്നുകള്‍ നല്‍കുന്നു.