റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാത്രിയോടെ റിയാദിലെത്തും. രണ്ടാം തവണയാണ് സൗദി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി തിരിക്കുന്നത്. 29, 30, 31 തീയതികളില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി 29ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഒപ്പം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തും.

ഊര്‍ജ്ജം, സാമ്ബത്തികം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യ-സൗദി ചര്‍ച്ചകള്‍ നടക്കുക. തുടര്‍ന്ന് നിരവധി വ്യാപാര കരാറുകളില്‍ ഒപ്പുവെയ്ക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍ നടപടികള്‍ക്കുള്ള കരാറും ഒപ്പുവയ്ക്കുമെന്നാണു സൂചന. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വിവിധ മേഖലകളില്‍ ശക്തിപ്പെടുത്താനും സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റുപേ കാര്‍ഡിന്റെ സൗദി ഉദ്ഘാടനവും ഇതോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നിര്‍വഹിക്കും.

സൗദിയിലെ വിവിധ മന്ത്രിമാരെയും പ്രധാനമന്ത്രി കാണും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഉന്നത തല സംഘം പ്രത്യേക കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവിക അഭ്യാസം നടത്തുന്നുണ്ട്.