ഡാളസ്: ഫോമായുടെ പന്ത്രണ്ട്  റീജിയനുകളിലായി നിത്യേന സംഭവിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍  ചടുലതയോടെ മാധ്യമങ്ങള്‍ക്കു എത്തിക്കുകയും, മുഖ്യധാരാ മാധ്യമങ്ങള്‍ വഴി നേരിട്ട് അമേരിക്കന്‍ മലയാളികളിലേക്കും, ലോകമലയാളികളിലേക്കും  അതിന്റെ തനിമ ഒട്ടും ചോരാതെ കൃത്യമായി എത്തിക്കുന്നതില്‍ ഫോമാ ന്യൂസ് ടീമും, അതിനു ചുക്കാന്‍ പിടിക്കുന്ന ഫോമായുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസും അര്‍ത്ഥശങ്കക്കിടയില്ലാതെ അഭിനന്ദനം അര്‍ഹിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

ഫോമായുടെ ചരിത്രത്തില്‍ ആദ്യമായാണ്, പബ്ലിക് റിലേഷന്‍ ഒഫീസറിന്റെ നേതൃത്വത്തില്‍ ഒരു ഫോമാ ന്യൂസ് ടീം രൂപീകരിക്കുന്നത്. ഫോമായുടെ വിവിധ റീജിയനുകളില്‍ നിന്നും  ഇതിനായി ഓഫീസറന്മാരെ നിയമിച്ചു. അതാതു റീജിയനില്‍ നടക്കുന്ന ഫോമായുടെ ഔദ്യോഗിക തീരുമാനങ്ങളുടെയും,  പരിപാടികളുടെയും  വാര്‍ത്തകള്‍, ചിത്രങ്ങളടക്കം അതിന്റെ അന്തസത്ത ചോരാതെ ഫോമായുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രൂഫ് നോക്കി എഡിറ്റ് ചെയ്തു നിലവാരമുള്ള വാര്‍ത്തകളാക്കി മാറ്റുന്ന ഒരു വലിയ പ്രവര്‍ത്തനമാണ് പബ്ലിക് റിലേഷന്‍സ് ഓഫീസ് ചെയ്തുകൊണ്ടിരിക്കുന്നത്. വാര്‍ത്തകളായി ജനിക്കുന്ന വിശേഷങ്ങള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ കൂടിയും നമ്മളിലേക്ക് എത്തുന്നുണ്ട്. ഇംഗ്‌ളണ്ട്, യൂറോപ്, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലെ മലയാളം മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഫോമായുടെ ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് പബ്ലിക് റിലേഷന്‍സ്  ഓഫീസ്  കൈകാര്യം ചെയ്യുന്നത്.  പ്രസിഡന്റും, സെക്രെട്ടറിയും സാക്ഷ്യപ്പെടുത്തിയ വാര്‍ത്തകള്‍ മാത്രമേ ഈ ഓഫീസില്‍ നിന്നും പത്രകുറിപ്പുകളായി പുറത്തിറക്കാറുള്ളു. ഫോമായുടെ എന്തെങ്കിലും ബോഡി,   ഔദ്യോഗികമായി തീരുമാനമെടുക്കാത്ത വിഷയങ്ങള്‍, വാര്‍ത്തകളായി പ്രചരിക്കുന്നുണ്ടങ്കില്‍ അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. രാജു ശങ്കരത്തില്‍,  ബിന്ദു റ്റിജി, ഡോക്ടര്‍ സാം ജോസഫ്, ഷോളി കുമ്പിളിവേലി, രവിശങ്കര്‍ എന്നിവര്‍ പല റീജിയനുകളില്‍ നിന്നുമുള്ള  വിവിധതരം വാര്‍ത്തകള്‍ കൈകാര്യം ചെയ്തുകൊണ്ട്  ഫോമാ ന്യൂസ് ടീം അംഗങ്ങളായി ലാഭേശ്ചയില്ലാതെ  പ്രവര്‍ത്തിക്കുന്നു.