കൊച്ചി: മരടും മുംബൈയും സുപ്രീം കോടതിയുടെ രണ്ടു മുഖങ്ങളാണ് കാണിക്കുന്നത്. മരട് വിഷയത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കടുംപിടുത്തത്തിലാണ്, ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ. എന്നാല്‍ മുംബൈയിലെ അനധികൃത നിര്‍മാണങ്ങള്‍ ഉള്‍പ്പെട്ട കേസ് അതീവക്ഷമയോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേട്ടത്. പ്രാരംഭവാദം കേട്ട അദ്ദേഹം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ഏതാണ്ട് രണ്ടു ലക്ഷത്തോളം അനധികൃത നിര്‍മാണങ്ങള്‍ വിശാല മുംബൈയില്‍ ഉണ്ട്. ചെറിയ കെട്ടിടങ്ങള്‍ മുതല്‍ വലുതും ബഹുനില ഫ്‌ളാറ്റുകളും വരെ. അനധികൃതമാണോ, അവയെല്ലാം നീക്കുക തന്നെ വേണം എന്നായിരുന്നു മുംബൈ ഹൈക്കോടതി കൈക്കൊണ്ട നിലപാട്.അനധികൃത നിര്‍മാണങ്ങളെ സാധൂകരിച്ചു കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ നിയമ ഭേദഗതി തള്ളിക്കൊണ്ടാണ് കോടതി ഈ നിലപാടെടുത്തത്. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായില്ല. വിധിക്കെതിരെ അവര്‍ അപ്പീല്‍ നല്‍കി. ആ കേസാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനു മുമ്ബാകെ എത്തിയത്.

നിര്‍മാണങ്ങള്‍ അനധികൃതം തന്നെ. സര്‍ക്കാര്‍ സമ്മതിക്കുന്നു. പക്ഷെ ഹൈക്കോടതി വിധി തള്ളണം. നിയമഭേദഗതിയെ സാധൂകരിക്കണം. അതാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപേക്ഷ. അനുഭാവപൂര്‍വം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് വാദം വിശദമായി കേള്‍ക്കാമെന്ന് സമ്മതിച്ചു.

ഈ കേസില്‍ കോടതിയുടെ മാത്രമല്ല സര്‍ക്കാരുകളുടെയും വ്യത്യസ്ത സമീപനം കാണാം. ഒരൊറ്റ കെട്ടിടം പോലും പൊളിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്തത്. രണ്ടര ലക്ഷത്തോളമുണ്ട് മുംബൈയില്‍ അനധികൃത കെട്ടിടങ്ങള്‍. അതില്‍ താമസിക്കുന്നവരെയും ഓഫീസ് നടത്തുന്നവരെയും മുഴുവന്‍ വഴിയിലേക്ക് തള്ളിവിടാനാവില്ല. അവരുടെ ദുരിതം കാണാന്‍ സര്‍ക്കാരിനാവില്ല. ഒരു ക്ഷേമരാഷ്ട്രത്തില്‍ സര്‍ക്കാരിന്റെ ജോലി ജനങ്ങളെ കണ്ണീരുകുടിപ്പിക്കുകയല്ല. ഈ നിലപാടില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. അതു കൊണ്ടാണ് ഇത്തരമൊരു നിയമഭേദഗതിക്ക് മുന്‍കൈയെടുത്തത്, മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി എന്താവുമെന്നറിയാന്‍ കാത്തിരിക്കുകയാണ് അവര്‍.

എന്നാല്‍ മരട് വിഷയത്തില്‍ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ മറ്റൊരു സമീപനമാണ് കൈക്കൊണ്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇത് കേന്ദ്രനിയമമാണ്. നിയമത്തില്‍ ഭേദഗതി വരുത്തി ഫ്‌ളാറ്റ് ഉടമകളെ സംരക്ഷിക്കാവുന്നതേയുള്ളൂ. നിയമവിദഗ്ധര്‍ പറയുന്നത് അതാണ്. എന്നാല്‍ അങ്ങിനെ ഒരു നിയമഭേദഗതിക്ക് കേന്ദ്രമോ അതിനുള്ള ശുപാര്‍ശ നല്‍കാന്‍ സംസ്ഥാനമോ തയ്യാറായിട്ടില്ല.

മരട് കേസുകളില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ല. അതിനാല്‍ കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് സുപ്രീം കോടതിക്ക് അറിയില്ല. കക്ഷിയല്ലെങ്കിലും ഫ്‌ളാറ്റ് ഉടമകളെ രക്ഷിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രത്തിന് തടസമൊന്നുമില്ല. അതിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഒരിടത്ത് നിന്നും ഉണ്ടായില്ല എന്നതാണ് കാര്യം. മഹാരാഷ്ട്ര സര്‍ക്കാരിനെപ്പോലെ എന്തു കൊണ്ട് കേരള സര്‍ക്കാരിനും പ്രവര്‍ത്തിച്ചു കൂടാ എന്ന ചോദ്യമാണ് ഫ്‌ളാറ്റ് ഉടമകള്‍ ഉയര്‍ത്തുന്നത്. കേരളത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലോ. പക്ഷെ ഫ്‌ളാറ്റ് ഉടമകളെ സംരക്ഷിക്കണം എന്ന സമീപനം സര്‍ക്കാരിനില്ല എന്ന് അവര്‍ പറയുന്നു.

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കരുതെന്ന അപേക്ഷ വെള്ളിയാഴ്ചയും സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. പക്ഷെ അതിന് ജസ്റ്റിസ് അരുണ്‍ മിശ്ര തയ്യാറല്ല. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട്.