ചണ്ഡിഗഡ്: ഹരിയാണയില്‍ 90 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഭൂരിപക്ഷത്തിന് ആറ് സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്. എന്നാല്‍ 6,877 വോട്ടുകള്‍ കൂടി ലഭിച്ചിരുന്നുവെങ്കില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമായിരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ 2.4 ശതമാനം വോട്ടകളുടെ വ്യത്യാസത്തിലാണ് ബിജെപിക്ക് സീറ്റുകള്‍ നഷ്ടമായത്. ഇതില്‍ അഞ്ച് സീറ്റുകളും കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്. ഒന്നില്‍ മാത്രമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചത്. മുലാന, റെവാരി, നിലൊഖേരി, ഫരീദാബാദ്, രദൗര്‍ എന്നീ മണ്ഡലങ്ങളാണ് ബിജെപിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായത്.

ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷ വോട്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ നോക്കുമ്ബോള്‍ 6,877 വോട്ടുകള്‍ കടി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുമായിരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ചൂണ്ടിക്കാണിക്കുന്നു. ബിജെപിയെ ഒറ്റക്ക് അധികാരത്തില്‍ തുടരാന്‍ ഇത് സഹായിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

90ല്‍ 31 സീറ്റുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടിയത്. 15 സീറ്റുകളാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടഞ്ഞത്. കോണ്‍ഗ്രസിന് 41,098 വോട്ടുകളുടെ കുറവാണ് വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് ഹരിയാണയില്‍ 16 സീറ്റുകളില്‍ കുറവ് മാത്രമേ ലഭിക്കൂവെന്ന തരത്തിലാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ ഉടലെടുത്ത ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ ഇത് ശരിവെക്കുന്നതായിരുന്നു. എന്നാല്‍ 2014ല്‍ 16 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തി 31 സീറ്റായി ഉയര്‍ത്തുകയും ചെയ്തുു. 75 ലഭിക്കുമെന്ന കണക്കൂകൂട്ടലാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇത് 40 സീറ്റില്‍ ഒതുങ്ങുകയായിരുന്നു.