കഴക്കൂട്ടം: മേയര്‍ അഡ്വ.വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് ജയിച്ചു എം.എല്‍.എ ആയതോടെ ഒഴിവ് വരുന്ന കോര്‍പ്പറേഷന്‍ കഴക്കൂട്ടം വാര്‍ഡിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സി.പി.എമ്മില്‍ തുടങ്ങിക്കഴിഞ്ഞു. ഡി.വൈ.എഫ്.ഐ കഴക്കൂട്ടം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ എസ്.പ്രശാന്തിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വി.കെ.പ്രശാന്തിന്റെ സമകാലിക സംഘടനാ പ്രവര്‍ത്തകനാണ് എസ്.പ്രശാന്തും.

യുവാക്കള്‍ക്കിടയില്‍ സര്‍വ സമ്മതനായ എസ്.പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന വ്യാഴാഴ്ച മുതല്‍ ഉയരുകയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മേയര്‍ വി.കെ.പ്രശാന്തിന്റെ പേര് വന്നപ്പോള്‍ തന്നെ വിജയം ഉറപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്റെ ഒന്നാം വാര്‍ഡില്‍ എസ്.പ്രശാന്തിന്റെ പേര് പറഞ്ഞു തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ അത് ശക്തമായി. പ്രശാന്തിന് പകരം പ്രശാന്ത് വരട്ടെ എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

മേയര്‍ ഇന്ന് രാജി വയ്ക്കും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച വി.കെ പ്രശാന്ത് മേയര്‍ സ്ഥാനം ഇന്ന് രാജി‌വയ്‌ക്കും. ഉച്ച‌യ്‌ക്ക് രണ്ടരയ്‌ക്ക് നടക്കുന്ന അടിയന്തര നഗരസഭാ കൗണ്‍സിലിന് ശേഷമായിരിക്കും അദേഹം രാജിവയ്‌ക്കുക.നഗരസഭ സെക്രട്ടറി എല്‍.എസ് ദീപ‌യ്‌ക്കായിരിക്കും അദേഹം രാജിക്കത്ത് സമര്‍പ്പിക്കുക.ഇതിന് മുന്നോടിയായി നഗരസഭ കൗണ്‍സിലില്‍ മേയര്‍ നന്ദി പ്രസംഗം നടത്തും. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് വി.കെ പ്രശാന്തിന്റെ പടിയിറക്കം. സാധാരണ കൗണ്‍സില്‍ യോഗം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി അംഗങ്ങള്‍ രംഗത്ത് വരുകയും തദേശ‌സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്‌തിരുന്നു. വകുപ്പ് സെക്രട്ടറി വിശദീകരണം ചോദിച്ചതോടെ ജനകീയാസൂത്രണം എന്ന ഒറ്റ അജണ്ടയിലൊതുക്കി കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് വി.കെ പ്രശാന്ത് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്യുക. മേയര്‍ സ്ഥാനത്ത് നിന്ന് പ്രശാന്ത് ഒഴിയുന്നതോടെ പുതിയ മേയര്‍ ആരായിരിക്കും എന്നതിനെ ചുറ്റിപ്പറ്റിയുളള ചര്‍ച്ചകള്‍ക്കും ചൂടുപിടിക്കും. നഗരസഭയിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ കെ.ശ്രീകുമാറിന്റെ പേരിനാണ് മേയര്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം. പി.ബാബു, എസ്.പു‌ഷ്പലത, ഐ.പി ബിനു എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് കൗണ്‍സിലര്‍മാര്‍. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും വെല്ലുവിളിയെ അതിജീവിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു മേയറെ കണ്ടെത്തുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച്‌ വെല്ലുവിളിയാകും.