തിരുവനന്തപുരം: പാലായില്‍ നിന്ന് പാഠം ഉള്‍ക്കൊളളാന്‍ യു.ഡി.എഫ് തയാറാകാത്തതിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പില്‍ കണ്ടെതെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെങ്കിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണം. ഇക്കാര്യം തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടും. ശബരിമല വിഷയം എപ്പോഴും നിലനില്‍ക്കില്ല. എന്‍.കെ പ്രേമചന്ദ്രന്‍ ‘കേരളകൗമുദി ഫ്ളാഷി’നോട് സംസാരിക്കുന്നു.

ജനം തള്ളിക്കളയും

ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് ജനം നല്‍കിയ ശക്തമായ സന്ദേശമാണ്. ഐക്യത്തോടെയും യോജിപ്പോടെയും പ്രവര്‍ത്തിച്ചാല്‍ ജനം ഉള്‍ക്കൊള്ളും. അനൈക്യവും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല. ജനപ്രതിനിധികള്‍ മത്സരിക്കുന്നത് ജനതാത്പര്യത്തിനും പൊതുതാത്പര്യത്തിനും വേണ്ടിയാണ്. ഗ്രൂപ്പ് താത്പര്യത്തിനും വ്യക്തി താത്പര്യത്തിനും വേണ്ടിയാവരുത്. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ അപസ്വരം അവസാനഘട്ടംവരെ നിലനിന്നു. പ്രാദേശികതലം തൊട്ടുളള ഐക്യത്തോടെയുളള പ്രവര്‍ത്തനമാണ് അരൂരില്‍ ഗുണം ചെയ്തത്. മഞ്ചേശ്വരത്തും അത് തന്നെയാണ് നടന്നത്. പ്രതികൂല സാഹചര്യമുണ്ടായിട്ടും എറണാകുളത്ത് വിജയിച്ചത് യോജിപ്പുണ്ടായിരുന്നത് കൊണ്ടാണ്. യു.ഡി.എഫ് വിചാരിച്ചാല്‍ മാത്രമേ ഈ മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ പറ്റുമായിരുന്നുളളൂ.

വ്യക്തമായ സൂചന ഉണ്ടായിട്ടും പാലായില്‍ നിന്ന് പാഠം ഉള്‍ക്കൊളളാനായില്ല. രാഷ്ട്രീയ സമവായത്തിലൂടെ മുന്നേറ്റം നടത്താന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചശേഷം അതേപ്പറ്റി ഭിന്നാഭിപ്രായം വരുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. നിങ്ങള്‍ക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ക്കെന്തിനെന്ന് ജനം ചോദിക്കും. അവര്‍ പുച്ഛിച്ച്‌ പുറന്തള്ളും. സി.പി.എം, സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച്‌ രംഗത്തിറക്കി. കോന്നിയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയെപ്പറ്റി പത്തനംതിട്ട ജില്ലാ ഘടകത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം ഒരു പ്രശ്നംപോലും ഉണ്ടായില്ല. ആ ശൈലി കോണ്‍ഗ്രസും സ്വീകരിച്ചേ പറ്റൂ.

ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അപ്രഖ്യാപിത രാഷ്ട്രീയ ധാരണ

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കണം. ഗ്രൂപ്പ് വ്യത്യാസത്തിനപ്പുറം ഈ രാജ്യത്ത് കോണ്‍ഗ്രസ് നടപ്പാക്കേണ്ട രാഷ്ട്രീയ ദൗത്യങ്ങളെപ്പറ്റി മറക്കരുത്. കോണ്‍ഗ്രസ് മുക്ത കേരളമാണ് സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും പൊതു മുദ്രാവാക്യം. ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ആ നീക്കത്തെ ചെറുക്കാന്‍ സാധിക്കൂ. അതിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ്, ഐക്യമാണ് പ്രധാനമെന്ന് ഓര്‍ക്കണം. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത രാഷ്ട്രീയ ധാരണയുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ അവരത് മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചു. വട്ടിയൂര്‍ക്കാവില്‍ ആ ബന്ധം പ്രകടമായിരുന്നു. ബി.ജെ.പി എത്ര ശ്രമിച്ചിട്ടും കോണ്‍ഗ്രസിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത സംസ്ഥാനം കേരളമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിറുത്തേണ്ടത് സി.പി.എമ്മിന്റേയും ആവശ്യമാണ്.

യോജിച്ച്‌ നില്‍ക്കണം

ശബരിമല വിഷയത്തില്‍ ജനം നല്‍കിയ മറുപടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. എന്ത് സെന്‍സിറ്റീവ് വിഷയമുണ്ടായാലും അതിന്റെ പ്രതികരണം ഉണ്ടാകുന്നത് തൊട്ടടുത്ത് നടക്കുന്ന തിരഞ്ഞെടുപ്പിലാണ്. നിരന്തരമായി ആ വിഷയം നിലനില്‍ക്കില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷവും ഇന്ദിരഗാന്ധിയെ വീണ്ടും ജനം തിരഞ്ഞെടുത്തിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ ഉദാഹരണം. ശബരിമല വിഷയം സജീവമായി നിലനില്‍ക്കുന്നുണ്ട്. അതിനായി യു.ഡി.എഫില്‍ യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടത്. അരൂരിലും മഞ്ചേശ്വരത്തും ലോക്സഭയിലെ ട്രെന്‍ഡ് ആവര്‍ത്തിക്കുകയും മറ്റിടത്ത് അത് കഴിയാതെ പോയതും അനൈക്യം ഉണ്ടായതുകൊണ്ടാണ്.

വിട്ടുവീഴ്ചയ്ക്ക് കനത്തവില

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എന്നത് പോലെതന്നെ സ്ഥാനാര്‍ത്ഥിയും പ്രധാന ഘടകമായി മാറുന്നു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം. ജയസാദ്ധ്യതയുളള സ്ഥാനാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മതസാമുദായികഗ്രൂപ്പ് താത്പര്യങ്ങളൊന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടാകാന്‍ പാടില്ല. ജനങ്ങള്‍ക്ക് ജാതിയും മതവുമൊന്നുമില്ല. എന്നാല്‍, അത്തരം പരിപ്രേക്ഷ്യം നല്‍കി അവരെ വേര്‍തിരിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത വില നല്‍കേണ്ടി വരും. ഗ്രൂപ്പുകള്‍ക്കും സമുദായങ്ങള്‍ക്കും വീതിച്ച്‌ കൊടുത്ത് ഗുണനിലവാരമില്ലാത്ത സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാല്‍ കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ആറില്‍ കുറയാത്ത സീറ്റ് 2021ല്‍ നേടാനാകും.