ഫിലഡല്‍ഫിയ: പതിനാറ് വെടിയുണ്ടകളേറ്റ യുവാവ് നടന്ന് രണ്ട് മൈല്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഫിലഡല്‍ഫിയയിലെ കെന്‍സിംഗ്ടണില്‍വച്ച്‌ 27കാരന് വെടിയേറ്റത്.

കൈകള്‍,​ഷോള്‍ഡര്‍,​ ഇടത്തെ ഇടുപ്പെല്ല്,​ നെഞ്ച് എന്നിവടങ്ങളിലായിട്ടാണ് പതിനാറ് വെടിയുണ്ടകള്‍ തറച്ചു കയറിയത്. വെടിയുണ്ട ഏറ്റശേഷം ഇത്രയും ദൂരം നടന്ന് വന്നത് ഡോക്ടര്‍മാ‌ര്‍ അദ്ഭുതത്തോടെയൊണ് നോക്കിക്കാണുന്നത്. അതേസമയം പരിക്കേറ്റ യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

‘ഇതൊരു അദ്ഭുതമാണ്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ച്‌ വരുമെന്ന് തന്നെയാണ് പ്രതീക്ഷ’-ചീഫ് ഇന്‍സ്‌പെക്ടര്‍ സ്‌കോട്ട് സ്മോള്‍ പറഞ്ഞു. യുവാവിന്റെ മോഴിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.