തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടര്‍മാരുടെ ചികത്സയിലാണ് അദ്ദേഹം ഇപ്പോള്‍. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് വിഎസിനെ തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ ചെറിയ രക്തസ്രാവം കണ്ടെത്തിയിരുന്നു.

ഇടയ്ക്കിടെയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസം പരിശോധിക്കാനായാണ് ഇപ്പോള്‍ ശ്രീചിത്രയിലേക്ക് മാറ്റിയത്. നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട്. അത് കൊണ്ടാണ് ശ്രീചിത്രയിലെ സ്‌ട്രോക്ക് യൂണിറ്റിലേക്ക് മാറ്റുന്നതെന്ന് എസ്‌യുടി റോയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.