കോഴിക്കോട്: ഇനിയെങ്കിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി മാറ്റണമെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എംകെ മുനീര്‍. ഐക്യകണ്‌ഠ്യേന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്ന് എംകെ മുനീര്‍ ഉപദേശിച്ചു. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസ് ഗൗരവമായി തന്നെ വിലയിരുത്തണം. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാറ്റി പറയുന്നത് ആശയകുഴപ്പമുണ്ടാക്കുമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും നേരിട്ട തോല്‍വിയെ കുറിച്ചും മുനീര്‍ പ്രതികരിച്ചു. പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടക്കം മുതലുള്ള ഭിന്നതകളും ജനം തിരിച്ചറിഞ്ഞു. ചില സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പിന്‍വലിക്കുന്നതെല്ലാം ആശയകുഴപ്പമാണ്. ഇത് അവസാനം വരെ തെരഞ്ഞെടുപ്പില്‍ നിലനില്‍ക്കുമെന്നും മുനീര്‍ പറഞ്ഞു.
നേരെ ചൊവ്വേ പ്രവര്‍ത്തിക്കുകയാണെങ്കില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും നേട്ടമാണ്. കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കും. എല്‍ഡിഎഫിന് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെതെന്നും എന്നും മുനീര്‍ വ്യക്തമാക്കി.