ഒരു കാലഘട്ടത്തിന്റെ രോഷം തൂലികയിലേക്ക്‌ ആവാഹിച്ച് അനീതിക്കും അനാചാരങ്ങൾക്കും എതിരെ ഉറഞ്ഞുതുള്ളിയ പൊൻകുന്നം വർക്കി എന്ന എഴുത്തുകാരന്റെ ജീവിതം ചർച്ചക്കെടുത്തുകൊണ്ട് ഒക്ടോബർമാസ സർഗ്ഗവേദി പുതിയൊരു അദ്ധ്യായം തുറന്നു. 2019 ഒക്‌ടോബർ 20 ഞായർ വൈകുന്നേരം 6.30ന് ന്യുയോര്‍ക്ക് കേരളാ സെന്ററിൽ ഒത്തുകൂടിയ സർഗ്ഗവേദിയിൽ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട കഥയെഴുത്തുകാരൻ സി.എം.സി ആയിരുന്നു അദ്ധ്യക്ഷൻ . അമേരിക്കയിലെ പള്ളിക്കമ്മിറ്റിയിൽ അംഗമായിരുന്ന കാലത്ത് ഉണ്ടായ കയ്പ്പേറിയ ചില അനുഭവങ്ങൾ സി.എം.സി തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പങ്കുവച്ചു. ഡോഃ നന്ദകുമാർ ചാണയിൽ അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗത്തിനിടെ പൊൻകുന്നം വർക്കി സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവായിരുന്നു എന്നും തന്റെ സാഹിത്യത്തിലുള്ള സംഭാവന കാലഹരണപ്പെട്ട വ്യവസ്ഥിതികൾക്കെതിരെ നിന്ന് മനുഷ്യപുരോഗതിക്കുവേണ്ടിയുള്ള പോരാട്ടവും ആയിരുന്നു എന്നും ആമുഖമായി പറഞ്ഞു.

തുടർന്ന് കേരളാ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രസിദ്ധ സാമൂഹ്യ പ്രവർത്തകനുമായ ഇ.എം. സ്റ്റീഫൻ ”പൊൻകുന്നം വർക്കി – ജീവിതവും ചിന്തയും” എന്ന പ്രബന്ധം അവതരിപ്പിച്ചു. കത്തോലിക്കാ സഭയുടെ ചട്ടക്കൂടിനെതിരെ ആരും ശബ്ദിക്കാൻ മടിക്കുന്ന കാലത്ത് സഭയിലെ അനീതിക്കെതിരെ തൂലിക ചലിപ്പിച്ചുകൊണ്ടായിരുന്നു പൊൻകുന്നം വർക്കിയുടെ സാഹിത്യജീവിതത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് 120 ല്‍ ശിഷ്ടം കഥകൾ. സമൂഹത്തിന്റെ വേദന തന്റെ സ്വന്തം വേദനയാണെന്നു കരുതി എഴുതിയതുമൂലം തനിക്ക്‌ ജോലിവരെ നഷ്ടമായി. ഈ അനുഭവം എം.പി. പോളിനും ജോസഫ് മുണ്ടശ്ശേരിക്കും ഉണ്ടായിട്ടുണ്ട്. സ്റ്റീഫൻ തുടർന്നു . വർക്കി എതിർത്തത്‌ ദൈവവിശ്വാസത്തെയല്ല. കത്തോലിക്കാസഭയിലെ കൊള്ളരുതായ്മകളെ ആയിരുന്നു, പള്ളിമതത്തെ ആയിരുന്നു. അതുകൊണ്ട്‌ അദ്ദേഹത്തെ പള്ളിക്കു പുറത്താക്കി. ദേവാലയങ്ങൾ എല്ലാം ചൂഷണസ്ഥലങ്ങൾ ആണെന്നും ദൈവത്തെയും സ്വർഗ്ഗത്തെയും കാട്ടി ഭയപ്പെടുത്തി പുരോഹിതവർഗ്ഗവും പള്ളിയധികാരികളും സ്വന്തം സാമ്പത്തിക ലാഭത്തിനും സുഖജീവിതത്തിനും വേണ്ടി നിലകൊള്ളുന്നു എന്നും ഉറക്കെ പറയാൻ ജീവിതം ഉഴിഞ്ഞുവച്ച സാഹിത്യകാരനായിരുന്നു പൊൻകുന്നം വർക്കി. സ്വന്തം സമുദായത്തിൽനിന്ന് മാത്രമല്ല അദ്ദേഹത്തിന് എതിർപ്പുകൾ ഏൽക്കേണ്ടിവന്നത്. തന്റെ ”മോഡൽ” എന്ന കഥയിലൂടെ സര്‍ സി.പി. ഭരണകൂടത്തിന്റെ അക്രമത്തെ എതിർത്തതിന് വർക്കിക്ക് 6 മാസത്തെ ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. വേറിട്ട വഴികളിലൂടെ സഞ്ചരിച്ച വർക്കി മണ്ണിനോടും മനുഷ്യനോടും ഉള്ള ഉദാത്തമായ സ്നേഹം തന്റെ സൃഷ്ടികളിൽ പ്രകടമാക്കിയിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു പൊൻകുന്നം വർക്കി. അദ്ദേഹം ജീവിച്ച കാലഘട്ടത്തെ മലയാളസാഹിത്യത്തിന്റെ ‘ഗോൾഡൻ ഏജ് ‘ എന്ന് വിശേഷിപ്പിക്കാം. കാരണം അക്കാലത്ത് ജീവിച്ച പ്രതിഭാധനരായ എഴുത്തുകാരാണ് തകഴി, കേശവദേവ്, എം.പി. പോൾ , കാരൂർ, ഉറൂബ്, ബഷീർ, മുണ്ടശ്ശേരി. അവരായിരുന്നു സമൂഹത്തിന്റെ വേദനകളും ജീർണ്ണതയും മനസ്സിലാക്കി ഒരു സമ്മർദ്ദത്തിനും വഴങ്ങാതെ അവയിൽനിന്നും മുക്തിനേടുവാൻ മാനവസമൂഹത്തിന് വഴികാട്ടിയവർ. സമൂഹമിന്ന് വർഗ്ഗീയ ചിന്തകളുടെയും
സങ്കുചിത താല്പര്യങ്ങളുടെയും തടവറയിലാണ്. അവയിൽനിന്നും മുക്തിനേടുവാനുള്ള വഴികളെപ്പറ്റി ആയിരിക്കണം നമ്മുടെ കൂട്ടായ്മകൾ ചിന്തിക്കേണ്ടത് എന്ന് ഇ.എം. സ്റ്റീഫൻ പറഞ്ഞവസാനിപ്പിച്ചു.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്‌ വേണ്ടി തൂലികയെടുത്ത സാഹിത്യകാരനായിരുന്നു പൊൻകുന്നം വർക്കി എന്ന് ജോസ് ചെരിപുറം പറഞ്ഞു. തന്റെ വിപ്ലവകരമായ ചിന്തകൾ പുരോഹിതവർഗ്ഗത്തിന്റെ ഉറക്കം കെടുത്തിയെന്ന് കൂടി ജോസ് കൂട്ടിച്ചേർത്തു. അലക്സ് എസ്തപ്പാൻ തന്റെ ഹൃസ്വമായ പ്രസംഗത്തിൽ പൊൻകുന്നം വർക്കിയെ പോലുള്ള സാമൂഹ്യ പരിഷ്ക്കർത്താക്കളായ എഴുത്തുകാരെ കാലം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും അനീതിയും അക്രമവും സഭയിൽ ഇന്നും തുടർക്കഥയാണെന്നും സിസ്റ്റർ ലൂസി അതിനൊരു ഉദാഹരണമാണെന്നും പറഞ്ഞു.

സത്യവും കള്ളവും ഒരിക്കൽ കുളിക്കാൻ പോയ കഥപറഞ്ഞുകൊണ്ടാണ് പി. ടി. പൗലോസ് തന്റെ പ്രസംഗമാരംഭിച്ചത് . രണ്ടുപേരും കരയിൽ കുപ്പായമൂരിയിട്ട്‌ വെള്ളത്തിലിറങ്ങി. സത്യത്തിന്റെ കുപ്പായം വെള്ളിനൂൽകൊണ്ട്‌ തയ്ച്ച് വെളുത്തു വെട്ടിത്തിളങ്ങുന്നതായിരുന്നു. കളളത്തിന്റെ കുപ്പായം പൊടിപിടിച്ചതും കറുത്തതും നാട്ടുകാർ അടിച്ചുകീറിയതുമായിരുന്നു. കള്ളം നേരത്തെ കുളി കഴിഞ്ഞ് സത്യത്തിന്റെ നല്ല കുപ്പായമിട്ട് സ്ഥലംവിട്ടു. സത്യം കുളികഴിഞ്ഞു കയറിയപ്പോൾ തന്റെ കുപ്പായം മോഷണം പോയതായിക്കണ്ടു. സത്യം ഒന്നുമിടാതെ പൂർണ്ണനഗ്നനായി നടന്നുപോയി. അന്നുമുതലാണ് നഗ്നസത്യം അല്ലെങ്കിൽ നേക്കഡ് ട്രൂത് എന്ന വാക്ക് ഉണ്ടായതായി ഒരു കഥ. കഥയെന്തെങ്കിലും ആകട്ടെ. സമൂഹത്തിലെ നഗ്നസത്യങ്ങളെ പെറുക്കിയെടുത്ത് കഥകളെഴുതി കലാപമുണ്ടാക്കിയ വിപ്ലവകാരിയായിരുന്നു പൊൻകുന്നം വർക്കി എന്ന എഴുത്തുകാരൻ. സമകാലികരായ രണ്ടു വർക്കിമാർ ഉണ്ടായിരുന്നു. മുട്ടത്തുവർക്കി പളളിമതിലേല്‍ ഇരുന്ന്‌ കിഴക്കേമലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനിപ്പെണ്ണാക്കി ഭാവനയുടെ നീലാകാശത്തിലൂടെ ചിറകുവിരിച്ചുപറന്നപ്പോൾ, പൊൻകുന്നംവർക്കി പള്ളിമേട മുതൽ ദിവാൻബംഗ്ളാവ് വരെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റായിരുന്നു എന്ന് പൗലോസ് പറഞ്ഞു.

തുടർന്നുസംസാരിച്ച ഡോഃ എൻ.പി. ഷീല പറഞ്ഞത് സാധുക്കൾക്ക് വേണ്ടി ജീവിച്ച സാഹിത്യകാരനായിരുന്നു പൊൻകുന്നം വർക്കി. മുട്ടത്തുവർക്കി ജനങ്ങളെ വായന പഠിപ്പിച്ചു, പൊൻകുന്നംവർക്കി വിപ്ലവം പഠിപ്പിച്ചു. മനുഷ്യൻ മനുഷ്യനെ തിന്നുന്ന കലിയുഗത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നുകൂടെ ഡോഃ ഷീല ഓർമ്മിപ്പിച്ചു. തമ്പി തലപ്പിള്ളി പൊൻകുന്നം വർക്കിയെ ഒരിക്കൽ നേരിട്ടുകണ്ട ഓർമ്മ പങ്കുവച്ചു. വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ യിലെ ഔസേപ്പ് എന്ന കൃഷിക്കാരന്റെയും കണ്ണൻ എന്ന കാളയുടെയും ആത്മബന്ധം ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു എന്ന് തമ്പി പറഞ്ഞു. ചിന്നമ്മ സ്റ്റീഫനും സാനി അമ്പൂക്കനും ചർച്ചയിൽ സജീവമായി പങ്കെടുത്തു.

പി. ടി. പൗലോസ് അദ്ധ്യക്ഷനും പ്രബന്ധാവതാരകനും പരിപാടിയെ പരിപൂർണ്ണ വിജയത്തിലെത്തിച്ച സദസ്സിനും നന്ദി പറഞ്ഞതോടെ സർഗ്ഗവേദിയുടെ പുതുമ നിറഞ്ഞ മറ്റൊരു അദ്ധ്യായം കൂടി പൂർണ്ണമായി.