കൊച്ചി: നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അടുത്തമാസം 20ന് ആരംഭിക്കുന്ന റണ്‍വെ നവീകരണം കണക്കിലെടുത്തുള്ള പുതിയ സമയപ്പട്ടിക ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. റണ്‍വെ നവീകരണ സമയത്തു രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്തുള്ള വിമാനങ്ങള്‍ രാത്രിയിലേക്കു പുനഃക്രമീകരിച്ചു. മാര്‍ച്ച്‌ 28 വരെ നിലനില്‍ക്കുന്നതായിരിക്കും പുതിയ പട്ടിക.

തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക്-ഇന്‍ സൗകര്യം മൂന്നു മണിക്കൂര്‍ മുന്‍പാക്കി. ആഴ്ചയില്‍ 1346 സര്‍വീസുകളാണു കൊച്ചി വിമാനത്താവളത്തില്‍ നിന്നുണ്ടാകുക. സൗദിയിലെ ദമാമിലേക്കു ഫ്ലൈ നാസ് എയര്‍ലൈന്‍സ് പുതിയ സര്‍വീസ് തുടങ്ങും. നിലവില്‍ സൗദിയ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. ഇന്‍ഡിഗോ നിലവിലുള്ള ജിദ്ദ സര്‍വീസിനു പുറമെ ദമാമിലേക്കു പുതിയ സര്‍വീസ് നടത്തും. മാലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐലന്‍ഡ് ഏവിയേഷന്‍ സര്‍വീസ് കൊച്ചിയില്‍ നിന്നു മാലിയിലേക്കും ഹനിമാധു വിമാനത്താവളത്തിലേക്കും പുതിയ സര്‍വീസ് തുടങ്ങും. നിലവില്‍ മാലിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.

രാജ്യാന്തര വിഭാഗത്തില്‍ രണ്ടും ആഭ്യന്തര വിഭാഗത്തില്‍ നാലും സര്‍വീസുകള്‍ റണ്‍വെ നവീകരണവുമായി ബന്ധപ്പെട്ടുള്ള സമയ പുനഃക്രമീകരണത്തില്‍ നഷ്ടപ്പെട്ടു. ആഭ്യന്തര സേവന വിഭാഗത്തില്‍ ഗോ എയര്‍ ഡല്‍ഹിയിലേക്കും എയര്‍ ഏഷ്യ ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്കും സ്‌പൈസ്‌ ജെറ്റ് കൊല്‍ക്കത്ത, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേക്കും അധിക സര്‍വീസുകള്‍ നടത്തും.