ഡാളസ്: അടുത്ത വര്‍ഷം ജൂലൈയില്‍ നടക്കാനിരിക്കുന്ന ഫോമാ അന്തര്‍ദ്ദേശീയ റോയല്‍ കണ്‍വെന്‍ഷന്റെ റെജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ ചെയര്‍മാനായി സജീവ് വേലായുധനേയും, റെജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ കോര്‍ഡിനേറ്റര്‍ ആയി സാജു ജോസഫ് നേയും തിരഞ്ഞെടുത്തു. സാമൂഹ്യരംഗത്ത് സദാ കര്‍മ്മനിരതനാണ് സജീവ്. ലോസ് ആഞ്ചലസിലെ മലയാളി അസ്സോസിയേഷനുകളിലൂടെ സാമൂഹ്യരംഗത്തു വന്ന സജീവ് വേലായുധന്‍ 2010 ഫോമാ ലാസ് വെഗാസ് കണ്‍വെഷന്റെ റെജിസ്‌ട്രേഷന്‍ ചുമതല ഏറെ വിജയകരമായി ഏറ്റെടുത്ത് നടത്തി ജനപ്രിയനായി. ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ , ഫോമായുടെ ജോയിന്റ് ട്രഷറര്‍ എന്ന നിലകളിലും വളരെ സ്തുത്യര്‍ഹമായ സേവനം അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട് . നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയിരിക്കുമ്പോള്‍ നടന്ന ന്യൂ യോര്‍ക്ക് കണ്‍വെന്‍ഷന്‍ റെജിസ്‌ട്രേഷന്‍ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഫോമാ യുടെ ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന സമര്‍ത്ഥനായ സംഘടകനാണ് സജീവ് എന്ന് പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ ഊന്നി പറഞ്ഞു . സാമൂഹ്യരംഗത്തെ സജീവിന്റെ ഈ പ്രവര്‍ത്തി പരിചയം ഈ വരുന്ന അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ റെജിസ്‌ട്രേഷന്‍ വിജയകരമാക്കാന്‍ തീര്‍ച്ചയായും സഹായിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ നിറസാന്നിധ്യമാണ് ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്.
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) യുടെ 2013 2015 കാലഘട്ടത്തിലെ പ്രസിഡണ്ടും ഇപ്പോഴത്തെ ട്രസ്റ്റീ ബോര്‍ഡ് മെമ്പറുമാണ് സാജു . സാന്‍ഫ്രാന്‍സിസ്‌കോ ബേ മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപകണ് കൂടിയാണ് ഇദ്ദേഹം. ഫോമായുടെ സജീവ പ്രവര്‍ത്തകനായ സാജു 20162018 ഫോമാ ഭരണസമിതിയിലെ നാഷണല്‍ കമ്മിറ്റി മെമ്പറായും സ്തുത്യര്‍ഹ മായി സേവനം അനുഷ്ഠിച്ചു .

സാജുവിന്റെയും ടീമിന്റെയും കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് കഴിഞ്ഞ ഫോമാ ചിക്കാഗോ കണ്‍വെന്‍ഷന് വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നും ചരിത്രം കുറിച്ച റെജിസ്‌ട്രേഷനുകള്‍ സാധ്യമായത്. മാത്രമല്ല വെസ്‌റ്റേണ്‍ റീജിയനെ ഫോമായുടെ ശക്തമായ ഒരു ഭാഗമാക്കി തീര്‍ത്തതില്‍ സാജുവിനും ടീമിനുമുള്ള പങ്ക് തികച്ചും അഭിനന്ദനാര്‍ഹ മാണ്. സാമൂഹ്യ രംഗത്ത് സാജുവിന്റെ നേതൃത്വ പാടവവും സൗഹൃദവലയവും ഈ വരുന്ന കണ്‍വന്‍ഷന് വലിയ ജനപങ്കാളിത്തം നേടികൊടുക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ഏറ്റെടുക്കുന്ന ഏതൊരു ഉദ്യമവും ഉത്തരവാദിത്വത്തോടുകൂടി വിജയിപ്പിക്കുന്നതിനായി വിശ്വസ്തമായും ആത്മാര്‍ത്ഥമായും കഠിന പരിശ്രമം ചെയ്യുന്ന സാജുവിന്റെ പ്രവര്‍ത്തന ശൈലി ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന്.

നോര്‍ത്ത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള പരമാവധി മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ കണ്‍വെന്‍ഷന്‍ വിജയകരമാക്കാനുള്ള കഠിനശ്രമത്തിലാണ് ഇരുവരും. അമേരിക്കയിലും കേരളത്തിലും ജനസേവനത്തിന്റെ ഉത്തമ മാതൃക യായി നിലകൊള്ളുന്ന ഒരു സംഘടനയാണ് ഫോമാ. ഫോമയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഏറെ അഭിമാനകരം എന്ന് ഇരുവരും കരുതുന്നു. എല്ലാ മലയാളികളുടെയും, മലയാളി അസ്സോസിയേഷനുകളുടെയും പൂര്‍ണ്ണ സഹകരണം ഇക്കാര്യത്തില്‍ ഇവര്‍ ഒറ്റകെട്ടായി അഭ്യര്‍ത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു. ഏര്‍ലി ബേര്‍ഡ് ഡിസ്‌കൗണ്ടുകള്‍ക്കായി ഇവിടെ https://fomaa.lawsotnravel.com/ ബുക്ക് ചെയ്യാം. റോയല്‍ കരീബിയന്‍ യാത്രാ കപ്പലില്‍ ജൂലൈ ആറാം തിയ്യതി ടെക്‌സാസിലെ ഗാല്‍വേസ്റ്റന്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് കരീബിയന്‍ ദ്വീപ സമൂഹമായ കോസ്‌മെല്‍ വഴി പത്താം തിയ്യതി തിരികെയെത്തുന്ന ഒരു ക്രൂയിസ് യാത്രയായാണ് ഈ കണ്‍വെന്‍ഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏര്‍ളി ബേര്‍ഡ് സ്‌കീം പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാകും. പങ്കെടുക്കുന്ന ഏവര്‍ക്കും വ്യത്യസ്തമായ ഒരനുഭവമാകും തന്നെയാകും ഈ കണ്‍വെന്‍ഷന്‍. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസന്‍ എന്നിവര്‍ ആശംസകളോടെ സജീവ് വേലായുധനേയും സാജു ജോസഫിനേയും ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ കമ്മറ്റിയിലേക്ക് സ്വാഗതം ചെയ്തു. https://fomaa.lawsotnravel.com/