കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെകുറിച്ചും രാഷ്ട്രീയ പരസ്യങ്ങളോട് ഫേസ്ബുക്ക് വിമുഖത കാണിക്കുന്നതിനെക്കുറിച്ചും യുഎസ് ജനപ്രതിനിധിസഭ മാര്‍ക്ക് സക്കര്‍ബര്‍ഗില്‍നിന്നും നേരിട്ട് വിശദീകരണം തേടി. ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാവ് അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് അടക്കമുള്ളവര്‍ രൂക്ഷമായ ചോദ്യങ്ങളാണ് സക്കര്‍ബര്‍ഗിനോട് ചോദിച്ചത്. ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി പ്രോജക്റ്റായ ലിബ്രയെ സംബന്ധിച്ച്‌ യുഎസ് ജനപ്രതിനിധിസഭയുടെ ധനകാര്യ സേവന സമിതിക്ക് മുന്നില്‍ അദ്ദേഹം വിശദീകരണം നല്‍കി.

‘ലിബ്രയെ സംബന്ധിച്ച്‌ ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് നമ്മുടെ രാജ്യത്തെ ജനാധിപത്യവുമായി ബന്ധപ്പെട്ട് നിങ്ങളുടെയും ഫേസ്ബുക്കിന്റെയും മുന്‍കാല പെരുമാറ്റത്തെ കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്’ ന്യൂയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിതയായ കോര്‍ട്ടെസ് സക്കര്‍ബര്‍ഗിനോട് തുറന്നടിച്ചു. കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദമാണ് അവര്‍ ഉദ്ദേശിച്ചത്. 23 കോടി അമേരിക്കക്കാരുടെ സ്വകാര്യവിവരങ്ങളാണ് കാംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിയത്. അത് കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന് അനുകൂലമായി ഉപയോഗിച്ചു വിജയിക്കുകയും ചെയ്തിരുന്നു.

അതേസമയം, കേംബ്രിഡ്ജ് അനലിറ്റിക്കയുടെ നിയമവിരുദ്ധമായ ഈ പ്രവൃത്തികള്‍ 2015 സെപ്റ്റംബറിന്റെ തുടക്കത്തില്‍ തന്നെ ഫേസ്ബുക്കിന്റെ എക്‌സിക്യൂട്ടീവുകള്‍ക്ക് അറിയാമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍, 2015 ഡിസംബര്‍ 11-ന് ‘ഗാര്‍ഡിയന്‍’ വിവരങ്ങള്‍ പുറത്തുവിടുന്നതിനു മുന്‍പുതന്നെ കേംബ്രിഡ്ജ് അനലിറ്റിക്കയെ കുറിച്ച്‌ താങ്കളുടെ കീഴിലുള്ള ജീവനക്കാര്‍ക്ക് അറിയാമിയിരുന്നോ എന്ന് കോര്‍ട്ടെസ് ചോദിച്ചപ്പോള്‍, ‘കേംബ്രിഡ്ജ് അനലിറ്റിക്കയെക്കുറിച്ച്‌ ഞാന്‍ അറിഞ്ഞതുതന്നെ 2018 മാര്‍ച്ചില്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ്’ എന്നാണ് സക്കര്‍ബര്‍ഗ് മറുപടി നല്‍കിയത്.

‘ചില ആളുകള്‍ സ്വകാര്യ വിവരങ്ങള്‍ ആന്തരികമായി ട്രാക്കുചെയ്യുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തെ കുറിച്ച്‌ എനിക്ക് അറിയുമായിരുന്നില്ല’ – സക്കര്‍ബര്‍ഗ് പറഞ്ഞു. രാഷ്ട്രീയ പരസ്യങ്ങളെ വസ്തുതാ പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ചും അവര്‍ ചോദ്യങ്ങള്‍ ആരാഞ്ഞു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ വോട്ടര്‍മാരെ അടിച്ചമര്‍ത്തുന്നതോ ആയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന് ഫേസ്ബുക്ക് പിന്തുണയ്ക്കുന്നുവെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെങ്കില്‍ അവ നീക്കം ചെയ്യുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. വൈസ് പ്രസിഡന്റ് ജോ ബൈഡനെകുറിച്ച്‌ ട്രംപ് അടുത്തിടെ നല്‍കിയ തെറ്റായ രാഷ്ട്രീയ പരസ്യം ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നില്ല.