എറണാകുളം: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി കേന്ദ്രത്തില്‍ കഷ്ടിച്ച്‌ കടന്നു കൂടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന് തുണയായി മനുറോയിയുടെ അപരന്‍ നേടിയ വോട്ടുകളും. ഇടത് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന്‍ കെഎം മനു 2572 വോട്ടുകളാണ് നേടിയത്. 3750 വോട്ടുകളുടെ ഭൂരിപക്ഷമാണ് ടിജെ വിനോദിനുള്ളത്. ജയിക്കാന്‍ സഹായിച്ചില്ലെങ്കിലും അപരന് നേടിയ വോട്ടുകള്‍ മനു റോയിക്ക് ലഭിച്ചിരുന്നെങ്കില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 1178 ആയി കുറയ്ക്കാന്‍ അദ്ദേഹത്തിന് സാധിക്കാമായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയിയുടെ മകനായി തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുപക്ഷം അവതരിപ്പിച്ച മനു റോയിക്ക് അപര സ്ഥാനാര്‍ത്ഥി മനുവിന്റെ ‘കെഎം’ എന്ന ഇനീഷ്യലും വിനയായി. ഓട്ടോ റിക്ഷ ചിഹ്നത്തിലായിരുന്നു കെഎം മനു മത്സരിച്ചത്. ഇത് മുന്‍കാലങ്ങളില്‍ ഇടതു സ്വതന്ത്രരുടെ സ്ഥിരം ചിഹ്നമായിരുന്നുവെന്നതും മനു റോയിക്ക് തിരിച്ചടിയായിരിക്കാന്‍ സാധ്യതയുണ്ട്.

വോട്ടിങ് മെഷീനില്‍ മനുറോയിയുടെ പേരിന് തൊട്ടടുത്തായാണ് കെ.എം മനുവിന്റെ പേരുണ്ടായിരുന്നത്. ടി.ജെ വിനോദിനും വിനോദ് എപി എന്ന പേരില്‍ അപരനുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേരിന് വളരെ താഴെയായിട്ടായിരുന്നു പേരും ചിഹ്നവും. 206 വോട്ടുകളാണ് എ.പി വിനോദ് നേടിയത്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 21,949 വോട്ടുകളുടെ ഭൂരിപക്ഷവും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.69 ലക്ഷത്തിന്റെയും ഭൂരിപക്ഷം ഹൈബി ഈഡന് എറണാകുളത്ത് ലഭിച്ചിരുന്നു. കൊച്ചി ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ വിനോദ് എം.എല്‍.എയാകുമ്ബോള്‍ വീണ്ടും തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങുകയാണ്. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ ജനരോഷവും ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനവും നേരിടുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടിമേയര്‍ തെരഞ്ഞെടുപ്പും യു.ഡി.എഫിന് പരീക്ഷണമാവും.