ദില്ലി: മരട് ഫ്ലാറ്റ് പൊളിക്കണമെന്ന വിധിയില്‍ നിന്ന് അണുവിട പോലും പിന്നോട്ട് പോവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഉത്തരവില്‍ ഒരു വരി പോലും മാറ്റില്ല. ഫ്ളാറ്റുകള്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഫ്ളാറ്റുടമകളുടെ സംഘടന നല്‍കിയ ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഫ്ലാറ്റ് പൊളിക്കാനുള്ള തീരുമാനം നടപ്പാക്കുക തന്നെ വേണമെന്നും കോടതി വ്യക്തമാക്കി.

എല്ലാം ഫ്ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നും ഇതിനായി 20 കോടി രൂപ നിര്‍മ്മാതാക്കള്‍ കെട്ടിവെക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഫ്ളാറ്റ് ഉടമകള്‍ക്ക് ആദ്യഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ലെന്നും രേഖകള്‍ ഹാജരാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഉടമകള്‍ കോടതിയില്‍ വ്യക്തമാക്കി.

ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡ പ്രകാരം ഫാളാറ്റിന്‍റെ വില പരിശോധിച്ച്‌ നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന നിരീക്ഷണവും കോടതി നടത്തി. ഇതേ തുടര്‍ന്നാണ് നഷ്ട്പരിഹാരത്തിനായി സമിതിയെ സമീപിച്ച എല്ലാവര്‍ക്കും രേഖകള്‍ പരിശോധിച്ച്‌ 25 ലക്ഷം വീതം നല്‍കാന്‍ കോടതി നിരീക്ഷിച്ചത്. ഈ തുകയ്ക്ക് ഉള്ള രേഖകള്‍ ഫ്‌ളാറ്റ് ഉടമകള്‍ പിന്നീട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.