മലപ്പുറം: താനൂരിനടുത്ത് അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് വെട്ടേറ്റു മരിച്ച സംഭവത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കണ്ണൂര്‍ ലോബിയുടെ ഇടപെടലും സിപിഎം നേതാവ് പി ജയരാജന്റെ സന്ദര്‍ശനവുമായി അനിഷ്ടസംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെയാണ് പി കെ ഫിറോസ് സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്ബാണ് പി ജയരാജന്‍ മലപ്പുറത്ത് സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ കൗണ്ട് ഡൗണ്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ഫിറോസിന്റെ പോസ്റ്റിലുണ്ട്. ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് അതിന്റെ ഉദ്ദേശം മനസിലായതെന്നും ഫിറോസ് ആരോപിക്കുന്നു.

മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിതശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തേയും ജനാധിപത്യമാര്‍ഗത്തില്‍ പാര്‍ട്ടി ചെറുത്ത് തോല്‍പിക്കുമെന്നും പോസ്റ്റിലുണ്ട്.