ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് രണ്ടര മാസത്തിന് ശേഷം ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് (ബി.ഡി.സി) നടന്ന തിരഞ്ഞെടുപ്പില്‍ 307 സീറ്റില്‍ 217 ഉം സ്വന്തമാക്കിയത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 81 സീറ്റ് മാത്രമാണ്.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 98.3 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 316 ല്‍ 307 ബ്ലോക്കുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഒരു സീറ്റും ജമ്മു കശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടി എട്ട് സീറ്റുകളും സ്വന്തമാക്കി. ഇത്തവണ കോണ്‍ഗ്രസും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ടു പേര്‍ പത്രിക നല്‍കി. ഇതില്‍ ഒരാളുടേത് തള്ളുകയും ചെയ്തു. 27 ബ്ലോക്കുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിക്കുകയായിരുന്നു.ലഡാക്കില്‍ 31ല്‍ 20 സീറ്റും ജയിച്ചത് സ്വതന്ത്രരാണ്. 11 സീറ്റുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചത്.