ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമകളുടെ നീണ്ട നിരയാണ് വരാനിരിക്കുന്നത്. ബോളിവുഡില്‍ നിന്നും മഹാഭാരതം, രാമയണം എന്നിങ്ങനെ പൂരണ കഥകള്‍ ആസ്പദമാക്കിയും സിനിമകളൊരുങ്ങുകയാണ്. ഇപ്പോഴിതാ മഹാഭാരതത്തില്‍ ദ്രൗപതിയായി ദീപിക പദുക്കോണ്‍ അഭിനയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. സിനിമയിലെ പ്രധാനപ്പെട്ട വേഷമായിരിക്കുമിത്.

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രത്തിലും ദീപിക പദുക്കോണ്‍ ആയിരുന്നു നായിക. ഈ സിനിമ നിര്‍മ്മിച്ച മധു മണ്ഡേന ആണ് മഹാഭാരതവും നിര്‍മ്മിക്കുന്നത്. ദ്രൗപതിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച്‌ ദീപിക മനസ് തുറന്നിരിക്കുകയാണ്. ദ്രൗപതിയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അത്രയധികം സന്തോഷവതിയും ത്രില്ലടിച്ചിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്ന് വിശ്വസിക്കുന്നു.

നേരത്തെ രാമയണം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും ദീപിക അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ രാമന്‍ ആയി ഹൃത്വിക് റോഷനും സീതയായി അഭിനയിക്കാന്‍ ദീപിക എത്തുമെന്നായിരുന്നു സൂചന. ഇവര്‍ക്കൊപ്പം ബാഹുബലി താരം പ്രഭാസ് രാവണനായി അഭിനയിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഔദ്യോഗികമായ വിശദീകരണം വന്നിരുന്നില്ല.