കോട്ടയം:  മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രികര്‍ വെംബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി, മണ്ണശ്ശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.

ദേശീയപാത 183ല്‍ കോട്ടയം കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്.

തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.