സാവോപോളോ: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്കും വ്യവസായികള്‍ക്കും ഇനി മുതല്‍ വിസ വേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരൊ. ചൈനാ സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

തീവ്ര വലതുപക്ഷക്കാരനായ ജെയ്ര്‍ ഈ വര്‍ഷം ആദ്യത്തിലാണ് ബ്രിസീലിന്റെ അധികാരത്തിലെത്തിയത്. നേരത്തെ വികസിത രാജ്യങ്ങള്‍ക്ക് വിസ വേണ്ടെന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായാണ് വികസ്വര രാഷ്ട്രങ്ങള്‍ക്കായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

അമേരിക്ക, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വിസ ആവശ്യമില്ലെന്ന നിര്‍ദേശം ഇക്കൊല്ലം ആദ്യം തന്നെ ബ്രസീല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഈ രാജ്യങ്ങള്‍ ബ്രസീലിയന്‍ പൗരന്‍മാര്‍ക്ക് ഈ ആനുകൂല്യം നല്‍കിയിട്ടില്ല.