കോട്ടയം: ഉപതെരഞ്ഞടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ എന്‍ഡിഎയക്ക് എതിരെ രൂക്ഷവിമശനവുമായി ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്ജ്. എന്‍ഡിഎ എന്നത് ഒരു മുന്നണിസംവിധാനമാണോ. ആണെങ്കില്‍ അത് നേതാക്കന്‍മാര്‍ തന്നെ വ്യക്തമാക്കണം. തട്ടിക്കൂട്ട് സംഘമായി എന്‍ഡിഎ മാറിയെന്നും ബിജെപി നേതാക്കളുടെ മുഖം ഒന്ന് ചിരിച്ചുകാണാന്‍ പോലും പറ്റുന്നില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

സാധാരണ രീതിയില്‍സ്ഥാനാര്‍ഥികള്‍ ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. എന്നാല്‍ എന്‍ഡിഎയില്‍ മത്സരിക്കുന്നത് തോല്‍ക്കാന്‍ വേണ്ടിയാണ്. മഞ്ചേശ്വരത്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ ജയിക്കുമായിരുന്നു. എന്നാല്‍ കോന്നിയില്‍ മത്സരിപ്പിച്ചത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഈ മുന്നണി കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പം എത്രകാലം ഉണ്ടാകമെന്ന് പറയാന്‍ വയ്യ.. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ഉപതെരഞ്ഞടുപ്പില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിലെ പ്രകടനം പോലും നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. പാര്‍്ട്ടിക്കകത്തെ രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്ലായിടത്തും പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷ പുലര്‍ത്തിയ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.