കോട്ടയം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എന്‍.ഡി.എയ്ക്കെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് രംഗത്ത്. കേരളത്തിലെ എന്‍.ഡി.എ മുന്നണി എന്നത് വെറും തട്ടിക്കൂട്ട് സംഘമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്. എന്‍.ഡി.എ യോഗത്തില്‍ താന്‍ ഇനി പങ്കെടുക്കില്ല. തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇനി എത്രകാലും ഇങ്ങനെ തുടരാനാകുമെന്നും പി.സി ജോര്‍ജ് ചോദിച്ചു.

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ അദ്ദേഹം ജയിച്ചേനെ, കോന്നിയില്‍ ബി.ജെ.പിക്കാരെല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായാണ് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എന്‍.ഡി.എയില്‍ ചേര്‍ന്നത്. എന്നാല്‍ ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഉള്‍പ്പെടെ എന്‍.ഡി.എ മൂന്നാം സ്ഥാനത്തായി പോയി. ബി.ജെ.പിക്കൊപ്പം ചേരാനുള്ള ജോര്‍ജിന്റെ തീരുമാനം ജനപക്ഷത്തിന് അകത്ത് വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്.