കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് വിജിലന്‍സ്. രാഷ്ട്രീയ ആരോപണങ്ങള്‍ ഒഴിവാക്കാനാണ് അനുമതി തേടിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കരാറുകാര്‍ക്ക് മുന്‍‌കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ട മന്ത്രിക്കും അഴിമതി നിരോധന നിയമപ്രകാരം ഉത്തരവാദിത്തം ഉണ്ട്. അന്വേഷണവുമായി ടി.ഒ സൂരജ് അടക്കമുള്ള പ്രതികള്‍ സഹകരിക്കുന്നില്ലെന്നുംപ്രതികള്‍ സ്വാധീനമുള്ളവരായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് വ്യക്തമാക്കി. ഒന്നാംപ്രതി സുമിത് ഗോയലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.