ഹരിയാനയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. ഹരിയാന ലോക്ഹിത് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഗോപാല്‍ ഖണ്ഡയുടെ നേൃത്വത്തില്‍ സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഏറെ നേരത്തെ ആശങ്കയ്‌ക്കൊടുവില്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുന്നത്.

ഡെല്‍ഹിയില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തിയ മനോഹര്‍ലാല്‍ ഖട്ടര്‍ ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മൂന്നു സ്വതന്ത്ര എംഎല്‍എമാരോടൊപ്പമാണ് ഖട്ടര്‍ വെള്ളിയാഴ്ച നഡ്ഡയെ വസതിയില്‍ എത്തി കണ്ടത്. ബിജെപി നേതാവ് അനില്‍ ജെയിനും ഒപ്പമുണ്ടായിരുന്നു.

പാര്‍ട്ടി നേതൃയോഗം ശനിയാഴ്ച ചണ്ഡിഗഡില്‍ നടക്കുമെന്നു അനില്‍ ജെയിന്‍ മാധ്യമങ്ങളോടു പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും ഹരിയാനയില്‍ എത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് ബിജെപി വിമതര്‍ ഉള്‍പ്പെടെ ഏഴ് സ്വതന്ത്രരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കൂടാതെ, ഐഎന്‍എല്‍ഡി എംഎല്‍എ അഭയ് സിങ് ചൗട്ടാലയുടെയും ഗോപാല്‍ ഖണ്ഡയുടെയും പിന്തുയുമുണ്ട്. ഇവര്‍ രേഖാമൂലം പിന്തുണ അറിയിച്ചതായും അനില്‍ ജെയിന്‍ പറഞ്ഞു.

90 സീറ്റുകള്‍ ഉള്ള ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 31 ഉം. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. സ്വതന്ത്രരുടെയും മറ്റു രണ്ടു പേരുടെയും പിന്തുണയോടെ ബിജെപി അംഗബലം 48 ആകും.

10 എംഎല്‍എമാരുടെ ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഡെല്‍ഹിയില്‍ നടക്കുന്നുണ്ട്. ബിജെപിക്കൊപ്പം നില്‍ക്കണോ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ എന്നു തീരുമാനിക്കാനാണ് യോഗം. തന്നെ മുഖ്യമന്ത്രിയാക്കുന്നവര്‍ക്കു പിന്തുണ എന്നാണ് ദുഷ്യന്തിന്റെ പ്രഖ്യാപിത നിലപാട്. അതിനു പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ അറിയിച്ചിരുന്നു.

ഹൂഡ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ട്. ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്ലാ സ്വതന്ത്രരും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ വഴി ബിജെപി ദുഷ്യന്തുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് നിലപാടില്‍ അയവു വന്നതായാണു സൂചന. ദുഷ്യന്ത് അമിത് ഷായുമായി ചര്‍ച്ച നടത്തുമെന്നും സൂചനകളുണ്ട്.