അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ഇന്ത്യന്‍ താരം യുവരാജ് സിംഗ് വീണ്ടും കളിക്കളത്തിലേക്ക്. വരുന്ന നവംബറില്‍ അബുദാബിയില്‍ നടക്കുന്ന ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനു വേണ്ടിയാണ് യുവി കളത്തിലിറങ്ങുന്നത്. ഇക്കാര്യം പത്രക്കുറിപ്പിലൂടെ യുവരാജ് അറിയിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം മറാത്ത അറേബ്യന്‍സിനായി കളിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്ന് യുവി പറഞ്ഞു. ടി-20 ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. ഇത്രയും കാലം കരിയര്‍ നല്ല സമ്മര്‍ദ്ദത്തിലായിരുന്നു. വലിയ ടൂര്‍ണമെന്‍്റുകള്‍, ഐപിഎല്‍ അങ്ങനെ. ഇനി കുറച്ച്‌ ജീവിതം ആസ്വദിക്കണം. അതുകൊണ്ട് തന്നെ ലോകമെമ്ബാടുമുള്ള ടി-20 ലീഗുകളില്‍ കളിക്കണമെന്നാണ് ആഗ്രഹം. ബിസിസിഐയുടെ അനുവാദം വാങ്ങി വരും വര്‍ഷങ്ങളില്‍ കളിക്കാനിറങ്ങണമെന്നാണ് ആഗ്രഹമെന്നും യുവരാജ് പറഞ്ഞു. ഇക്കൊല്ലം ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച യുവി പിന്നീട് കാനഡ ഗ്ലോബല്‍ ടി-20യില്‍ കളിച്ചിരുന്നു. 6 മത്സരങ്ങളില്‍ നിന്ന് 14.71 സ്ട്രൈക്ക് റേറ്റില്‍ 153 റണ്‍സാണ് ടൂര്‍ണമെന്‍്റില്‍ യുവി നേടിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ടി10 ലീഗിന്‍്റെ സെമിഫൈനലിലെത്തിയ ക്ലബാണ് മറാത്ത അറേബ്യന്‍സ്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ആണ് ടീമിന്‍്റെ ക്യാപ്റ്റന്‍. ശ്രീലങ്കയുടെ ടി-2ഒ ക്യാപ്റ്റന്‍ ലസിത് മലിംഗ, അഫ്ഗാന്‍ താരങ്ങളായ നജിബുല്ല സദ്രാന്‍, ഹസ്രതുല്ല സസായ്, ഓസീസ് ബാറ്റ്സ്മാന്‍ ക്രിസ് ലിന്‍ തുടങ്ങി ഒരുപിടി മികച്ച താരങ്ങള്‍ ടീമിലുണ്ട്. നവംബര്‍ 15 മുതലാണ് ടൂര്‍ണമെന്‍്റ് തുടങ്ങുക