അരൂര്‍: വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ അന്ത്യന്തം ഉദ്യോഗഭരിതമായ പോരാട്ടമായിരുന്നു അരൂരില്‍. ഈ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അഭിമാന മണ്ഡലമായിരുന്നു അരൂര്‍. ഇടതുകോട്ടയില്‍ ഷാനിമോളുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് കോണ്‍ഗ്രസിന് അരൂര്‍. കെ.ആര്‍.ഗൗരിയമ്മയെന്ന അതികായികയെ ജയിപ്പിച്ചുവിട്ട മണ്ഡലം ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീയെ കൂടി ജയിപ്പിച്ചിരിക്കുന്നു.

കനത്ത പോരാട്ടത്തിനൊടുവില്‍ വിജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോളിനൊപ്പമായിരുന്നു. അഞ്ചിടത്തേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തതും എക്സിറ്റ്പോളുകളില്‍ ഫോട്ടോഫിനിഷ് പ്രവചിച്ചതുമായ മണ്ഡലവും അരൂര്‍ തന്നെ. രണ്ടായിരത്തിലേറെ വോട്ടിന്റെ ലീഡ് നല്‍കിയാണ് ഷാനിമോള്‍ക്ക് അഭിമാനവിജയം നല്‍കിയത്. ആലപ്പുഴക്കാരിയായ ഷാനിമോള്‍ക്ക് ഇത് ആദ്യ മത്സരമല്ല. മൂന്നു തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാനിമോളുടെ ആദ്യജയമാണിത്. ആദ്യ റൗണ്ടിലൊഴികെ ഒരു ഘട്ടത്തിലും ഷാനിമോള്‍ പിന്നിലായിട്ടില്ല. എല്‍ഡിഎഫ് ശക്തികേന്ദ്രമായ പള്ളിപ്പുറവും തുറവൂരും തുണച്ചത് യുഡിഎഫിനെയായിരുന്നു.

കേരളത്തില്‍നിന്ന് എഐസിസി സെക്രട്ടറി ആയ ആദ്യ വനിതയാണ് ഷാനി. മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയുമായിരുന്നു. എന്നാല്‍ അരൂര്‍ മണ്ഡലം കോണ്‍ഗ്രസിന് ഇക്കുറി അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കൈപ്പത്തി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥി ഇവിടെ വിജയിക്കുന്നത്. അരൂര്‍ മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം ആകെ നാലു പേര്‍ മാത്രമാണ് ഇവിടെ നിന്നു നിയമസഭയിലെത്തിയിട്ടുള്ളത്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ പത്തിലും അരൂര്‍ ഇടത്തേക്കാണു ചാഞ്ഞത്. വലത്തേക്കു ചിന്തിച്ചപ്പോഴാകട്ടെ, രണ്ടു തവണ യുഡിഎഫിലായിരുന്ന ഗൗരിയമ്മയ്ക്കൊപ്പവും ഒരു തവണ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോല്‍പ്പിച്ച സിപിഐക്കൊപ്പവുമായിരുന്നു അരൂര്‍. ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് നിയമസഭയില്‍ അരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പതാക പാറിയത്.

ചേര്‍ത്തലയില്‍ നിന്നു കെ.ആര്‍.ഗൗരിയമ്മ അരൂര‍ിലേക്കു ചുവടുമാറ്റിയത് 1965 ല്‍ ആണ്. ആ തവണ നിയമസഭ ചേര്‍‍ന്നില്ല. അന്നു മുതല്‍ 11 തിരഞ്ഞെടുപ്പുകളില്‍ ഗൗരിയമ്മ അരൂരില്‍ മത്സരിച്ചപ്പോള്‍ 9 തവണയും അരൂര്‍ മാറിച്ചിന്തിക്കാതെ ഗൗരിയമ്മയെ പിന്തുണച്ചു. 1977, 2006 തിരഞ്ഞെടുപ്പുകളിലാണ് ഗൗരിയമ്മയെ അരൂര്‍ കൈവിട്ടത്. സിറ്റിങ് സീറ്റായ അരൂരിലെ ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും എന്ന നിലയ്ക്കായിരുന്നു ഇടതുപ്രചാരണം. രണ്ടുദിവസം പൂര്‍ണമായും അരൂര്‍ കേന്ദ്രീകരിച്ച്‌ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെലവിട്ടു. എന്നാല്‍‌ അരൂരില്‍ ഇത്തവണ രാഷ്ട്രീയക്കാറ്റ് വലത്തേക്കാണു വീശിയത്.