കൊച്ചി: സിനിമാ നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുള്ള തര്‍ക്കം യോഗത്തില്‍ പരിഹരിച്ച ശേഷം പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. കുടുംബത്തെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നതെന്ന് നടന്‍ അഭിപ്രായപ്പെട്ടു. അതേസമയം വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും നടന്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ കൊച്ചിയില്‍ വെച്ച്‌ നടന്ന യോഗത്തിന് ശേഷമായിരുന്ന നടന്റെ പ്രതികരണം. ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ പ്രശ്‌നങ്ങള്‍ വശളാക്കണ്ട എന്ന് കരുതി ഒഴിവാക്കി വിട്ടതാണെന്നും താരം പറഞ്ഞു. വീണ്ടും പ്രശ്‌നം ഉണ്ടായപ്പോഴാണ് ലൈവില്‍ വന്നതെന്നും നടന്‍ പറഞ്ഞു. 25 ദിവസം പ്ലാന്‍ ചെയ്തിട്ട് 16 ദിവസം കൊണ്ടാണ് ഞാന്‍ ജോബിച്ചേട്ടന്റെ ഷെഡ്യൂള്‍ തീര്‍ത്തുകൊടുത്തത്. നല്ല വശങ്ങള്‍ ആരും പറയില്ല. കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കവെന്നും ഷെയ്ന്‍ പറഞ്ഞു.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നായിരുന്നു ഷെയ്ന്റെ പരാതി. ഇത് സംബന്ധിച്ച്‌ നടന്റെ ഓഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയും ഷെയ്ന്‍ നിഗത്തിനെതിരെയും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്.

തര്‍ക്കം രൂക്ഷമായതോടെയാണ് സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരസംഘടനയായ അമ്മയുടെയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രശ്‌നം പരിഹരിച്ച ശേഷം ചര്‍ച്ചയില്‍ തൃപ്തനാണെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു.