തിരുവനന്തപുരം: അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്‌ചവച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയില്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന കാഴ്‌ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. പെരുമഴയില്‍ പതിവിന് വിപരീതമായി വോട്ട് ശതമാനം വന്‍തോതില്‍ കുറഞ്ഞു. എറണാകുളത്തടക്കം ശതമാനവിഹിതം ഇടിഞ്ഞത് മുന്നണികളില്‍ ആശങ്കയും പടര്‍ത്തി.

ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ അഞ്ചോടിഞ്ചില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എ എന്ന നിലയിലായി. സമുദായനേതാക്കളുടെ ശരിദൂരവും, പിന്തുണയുമൊന്നും ഇത്തവണ ഫലിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് തിരിച്ചടിയായി.

മഞ്ചേശ്വരം

പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് പി.ബി.അബ്ദുല്‍ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ കോടതിയിലെത്തിയതോടെയാണ് മഞ്ചേശ്വരം മണ്ഡലം വാര്‍ത്തകളിലിടം പിടിച്ചത്. കേസില്‍ തീരുമാനമാകുന്നതിനു മുന്‍പേ അബ്ദുറസാഖ് എംഎല്‍എ നിര്യാതനായി.

തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിനായി ലീഗിന്റെ എം.സി ഖമറുദ്ദീന്‍, എല്‍.ഡി.എഫിന് ശങ്കര്‍റൈയും എന്‍.ഡി.എയ്‌ക്കു വേണ്ടി രവീശ തന്ത്രി കുണ്ടാറും രംഗത്തിറങ്ങി. ഒടുവില്‍ ഫലം വന്നപ്പോള്‍ എം.സി കമറുദ്ദീന്‍ 65407 വോട്ടു നേടി വിജയിച്ചു. രവീശ തന്ത്രി കുണ്ടാര്‍ക്ക് 57484 വോട്ടും ശങ്കര്‍റൈയ്‌ക്ക് 38233 വോട്ടും ലഭിച്ചു. 7923 വോട്ടിന്റെ ലീഡാണ് ഖമറുദ്ദീന് ലഭിച്ചത്.

എറണാകുളം

അനുകൂലമല്ലാതിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലും എറണാകുളം സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം.

വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ടിജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാന്‍ കാരണമായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മനു റോയി പ്രതികരിച്ചു. സി.ജി രാജഗോപാലായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

കോന്നി

ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായിരുന്നു കോന്നി. ശബരിമല ഉയര്‍ത്തിപ്പിടിച്ച്‌ ബി.ജെ.പിയും ആത്മവിശ്വാസത്തോടെയാണ് കെ.സുരേന്ദ്രനെ കളത്തിലിറക്കിയത്. ഒടുവില്‍ നീണ്ട 23 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ചുവന്ന് തുടക്കാനാണ് കോന്നിയുടെ യോഗം. 54099 വോട്ട് നേടി എല്‍.ഡി.എഫിന്റെ കെ.യു ജനീഷ് കുമാര്‍ അങ്കം ജയിച്ചു. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന മണ്ഡലം അങ്ങനെ ഇടത്തോട്ട് ചാഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന് ലഭിച്ചത് 44146 വോട്ട് ആണ്. എന്‍.ഡി.എയുടെ കെ.സുരേന്ദ്രന്‍ 39786 വോട്ട് നേടി.

അരൂര്‍

എം.എല്‍.എയായിരുന്ന എ.എം ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പിന് വേദിയായത്. ഫലംവന്നപ്പോഴോ, 59 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഷാനിമോള്‍ ഉസ്‌മാനിലൂടെ അരൂരിനെ യു.ഡി.എഫ് അരികില്‍ ചേര്‍ത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെ 1992 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ഉസ്‌മാന്‍ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തിലെ വിജയം ഷാനിമോള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയ വെല്ലുവിളിയും ചെറുതായിരുന്നില്ല. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ഷാനിമോളെ കൈവിട്ടെങ്കിലും അരൂര്‍ മണ്ഡലത്തില്‍ നിന്നും ഷാനിമോള്‍ക്ക് ലഭിച്ച 648 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ മണ്ഡലത്തില്‍ ഷാനിമോളെ തന്നെ രംഗത്തിറക്കാന്‍ കാരണമായത്‌.

വട്ടിയൂര്‍ക്കാവ്

അഞ്ചിടങ്ങളിലും വച്ച്‌ ഏറ്റവും വലിയ കേന്ദ്രമായി മാറിയ മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്തിനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയത്. പ്രളയസമയത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനവും, മേയര്‍ബ്രോ ഇമേജും പ്രശാന്തിന് അനുകൂലമായി വരുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടി. അത് പിഴച്ചില്ലെന്ന് മാത്രമല്ല വന്‍ ഭൂരുപക്ഷത്തോടെ വി.കെ.പ്രശാന്ത് വിജയിക്കുകയും ചെയ്‌തു.

ശക്തമായ ത്രികോണമത്സരം പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എത്തിയതോടെ കളി മാറുകയായിരുന്നു. കുമ്മനത്തെ മാത്രം പ്രതീക്ഷിച്ച ആര്‍.എസ്.എസിനെ സുരേഷ് അത്ര സ്വീകാര്യനായിരുന്നില്ല. പ്രചരണത്തിലും അത് ആദ്യാന്തം കാണാമായിരുന്നു.

രാഷ്ട്രീയ വോട്ടുകളേക്കാള്‍ സമുദായ വോട്ടുകളാവും വട്ടിയൂര്‍ക്കാവിനെ സ്വാധീനിക്കുക എന്ന ചര്‍ച്ചകളാണ് തുടക്കം മുതല്‍ വട്ടിയൂര്‍ക്കാവിനെ സംബന്ധിച്ച്‌ ഉയര്‍ന്നുകേട്ടിരുന്നത്. ഇതിനെ തുടര്‍ന്നാണ് എന്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ കെ.മോഹന്‍കുമാര്‍ യു.ഡി.എഫിനായി രംഗത്തെത്തിയത്. എന്നാല്‍ ശരിദൂരമെന്ന പെരുന്നയിലെ ആഹ്വാനം സ്വീകരിക്കാന്‍ വട്ടിയൂര്‍ക്കാവിലെ നായന്മാര്‍ തയ്യാറാകാത്തതോടെ പ്രശാന്തിന്റെ വിജയം സുനിശ്‌ചിതമാവുകയായിരുന്നു. എം.എല്‍.എയായിരുന്ന കെ. മുരളീധരന്‍ വടകര എം.പിയായതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.