ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് ബിജെപി നടത്തിയ പോരാട്ടം സഖ്യകക്ഷിയായ ശിവസേനയെ ഒതുക്കാന്‍ കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ശിവസേനയുടെ സഹായമില്ലാതെതന്നെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ബിജെപിക്ക് അത്ര സന്തോഷകരമായ ഫലമല്ലഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ബിജെപിക്ക് സ്വന്തം സീറ്റുകളില്‍ വലിയ നഷ്ടം നേരിട്ടതോടെസംസ്ഥാന രാഷ്ട്രീയത്തില്‍ ശിവസേനയ്ക്കുള്ള വിലപേശല്‍ ശേഷികൂടുതല്‍ ശക്തമാവുകണുണ്ടായത്.
അധികാരം നിലനിര്‍ത്തിയെങ്കിലും മൊത്തത്തില്‍ ബിജെപി തിരിച്ചടി നേരിട്ടു എന്നു വേണം പറയാന്‍. ബിജെപിയുടെ 20 സിറ്റിങ് സീറ്റുകള്‍ കൈവിടേണ്ടിവന്നു. രാജ്യസ്നേഹം എന്ന വൈകാരിക വിഷയമായിരുന്നു മുഖ്യപ്രചാരണവിഷയം. മുന്‍ മന്ത്രിമാരടക്കം പ്രമുഖ നേതാക്കളെ പ്രതിപക്ഷത്തുനിന്ന് തങ്ങളുടെ പാളയത്തെത്തിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. എന്നിട്ടും കഷ്ടിച്ച്‌ അധികാരം നിലനിര്‍ത്താനുള്ള സീറ്റുനില നേടാനേ ബിജെപി- ശിവസേന സഖ്യത്തിന് സാധിച്ചുള്ളൂ എന്നത് അവര്‍ക്കുണ്ടായ തിരിച്ചടിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍.സി.പി.യുടെ ഒട്ടേറേ നേതാക്കളാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി. പാളയത്തിലെത്തിയത്. എന്‍.സി.പി. എം.എല്‍.എമാരും ശരദ് പവാറുമായി അടുപ്പമുള്ളവരും ഇതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന് എന്‍.സി.പി. നേതാവും മുന്‍ എം.എല്‍.എയുമായ നിരഞ്ജന്‍ ഡാവ്കറെ ശരദ് പവാറിന്റെ തടസ്സവാദങ്ങളെ തള്ളിയാണ് ബിജെപി പാളയത്തിലെത്തിയത്. രഹസ്യയോഗങ്ങള്‍ നടത്തി നിരഞ്ജന്‍ കളത്തില്‍ സജീവമായപ്പോള്‍ പിന്നില്‍ ദേവേന്ദ്ര ഫഡ്നാവിസുമുണ്ടായിരുന്നു. അങ്ങനെ ശരദ് പവാറിനെ പോലും വിലകല്‍പ്പിക്കാതെ ഒട്ടേറെ എന്‍.സി.പി. നേതാക്കള്‍ ബി.ജെ.പി.യിലെത്തി.
മുന്‍മന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കളാണു ചുരുങ്ങിയ നാളുകള്‍ക്കിടെ പ്രതിപക്ഷത്തുനിന്നു ബി.ജെ.പിയിലേക്കും ശിവസേനയിലേക്കും ചാടിയത്. ഇത് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കളെ സ്വന്തം മണ്ഡലം സംരക്ഷിക്കുക എന്നതിലേയ്ക്കു മാത്രമായി തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ ചുരുക്കി. ഇത് പ്രചാരണ രംഗത്തും പ്രകടമായിരുന്നു, പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്റെ കാര്യത്തില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചൗഹാനും അശോക് ചൗഹാനും സ്വന്തം മണ്ഡലത്തിന് പുറത്തേക്ക് തീരെ സജീവമായിരുന്നില്ല. ജനസംഖ്യയുടെ 31 ശതമാനംവരുന്ന മറാഠ സമുദായത്തില്‍ വേരുകളുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇന്ന് ആ സമുദായത്തിന്റെ പിന്‍ബലം തിരിച്ചുപിടിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് കിതച്ചപ്പോള്‍ ശരദ് പവാറിന്റെ സാന്നിധ്യം മാത്രമായിരുന്നു പ്രതിപക്ഷ നിരയില്‍നിന്ന് സജീവമായുണ്ടായിരുന്നത്.

അവസാന ലീഡ് നില പുറത്തുവരുമ്ബോള്‍ 161 സീറ്റുകളിലാണ് ബിജെപി-ശിവസേന സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 100, ശിവസേന 61, കോണ്‍ഗ്രസ് 44, എന്‍സിപി 54 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. സ്വതന്ത്രരും മറ്റുള്ളവരുംകൂടി 27 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. മഹാരാഷ്ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 100 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 122 സീറ്റുകള്‍ നേടിയ ബിജെപി 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപി-ശിവസേന സഖ്യത്തിന്185 സീറ്റുകളില്‍നിന്ന് 156 സീറ്റുകളായി കുറഞ്ഞു. നഷ്ടപ്പെട്ട സീറ്റുകളില്‍ 25ഉം ബിജെപിയുടേതാണ് എന്നതാണ് ശ്രദ്ധേയം.

ശിവസേനയെ ഒതുക്കാനാവില്ലെന്ന് മാത്രമല്ല, സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ പിന്തുണ അനിവാര്യമാകുകയും ചെയ്തിരിക്കുന്നു. മുന്‍പത്തേക്കാള്‍ വിലപേശല്‍ ശേഷി അവര്‍ നേടുകയും ചെയ്തു. ശിവസേന മുഖ്യമന്ത്രിപദത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ബിജെപിക്ക് അതിന് വഴങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നതാണ് സത്യം. അങ്ങനെയാണെങ്കില്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദം നല്‍കേണ്ടിവരും.കുറഞ്ഞ പക്ഷം രണ്ടര വര്‍ഷമായി വീതം വെക്കാം എന്ന ധാരണ എങ്കിലും അംഗീകരിക്കേണ്ടി വന്നേക്കും

എന്‍സിപിയുടെ നേട്ടമാണ്‌ പ്രതിപക്ഷ നിരയില്‍ശ്രദ്ധേയമാകുന്നത്‌. കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തുകയും എന്‍സിപി പത്ത് സീറ്റുകള്‍ കൂടുതലായി നേടുകയും ചെയ്തു. കഴിഞ്ഞ തവണത്തെ 83 സീറ്റുകളില്‍നിന്ന് 103 സീറ്റുകളിലേയ്ക്ക് സഖ്യത്തിന്റെ സീറ്റു നില ഉയര്‍ന്നു. കഴിഞ്ഞ തവണ 41 സീറ്റുകള്‍ നേടിയ എന്‍സിപി ഇത്തവണ 54 സീറ്റുകളാണ് നേടിയത്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനും ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന എന്‍സിപിക്കും തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ആശ്വാസം ചെറുതല്ല.