അരൂരില്‍ നിന്നും അട്ടിമറി വിജയവുമായി ഷാനിമോള്‍ ഉസ്മാന്‍ എന്ന കോണ്‍ഗ്രസുകാരി നടന്നുകയറുന്നത് ചരിത്രത്തിലേക്ക്. ‌ഈ നിയമസഭയിലെ പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗമാണ് ഷാനിമോള്‍ ഉസ്മാന്‍.

കെ ആര്‍ ഗൗരിയമ്മ ഒന്‍പതുതവണ വിജയിച്ച മണ്ഡലത്തില്‍ നിന്നുമാണ് ഷാനിമോള്‍ നിയമസഭയിലേക്ക് വരുന്നത് എന്നതാണ് മറ്റൊരു സവിശേഷത. കായംകുളം എംഎല്‍എ യു പ്രതിഭക്ക് പിന്നാലെ ആലപ്പുഴയ്ക്ക് മറ്റൊരു വനിതാ ജനപ്രതിനിധിയെ കൂടിയാണ് ലഭിച്ചിരിക്കുന്നത്.

നിലവില്‍ എട്ടു വനിതകളാണ് നിയമസഭയിലുള്ളത്. ചരിത്രത്തിലാദ്യമായി മന്ത്രിസഭയിലുമുണ്ട് രണ്ട് വനിതകള്‍. എന്നാല്‍ ഇതൊക്കെയാണെങ്കിലും പ്രതിപക്ഷ നിരയില്‍ പേരിനുപോലും ഒരു വനിതാ പ്രതിനിധി ഇല്ലാത്ത അവസ്ഥയായിരുന്നു. ആ പേരുദോഷമാണ് പ്രതിപക്ഷം ഉപതെരഞ്ഞെടുപ്പിലൂടെ മാറ്റിയെടുത്തത്.