തിരുവനന്തപുരം: പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥി മരിക്കാന്‍ കാരണം സംഘാടനത്തിലെ വീഴ്ചയെന്ന് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.

ഒരേസമയം രണ്ട് മത്സരങ്ങള്‍ സമാന്തരമായി നടത്തിയതുകാരണമാണ് അപകടം ഉണ്ടായതെന്നും സമിതി കണ്ടെത്തി. സംസ്ഥാന സ്‌പോര്‍ട്സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജിന് അന്വേഷണസമിതി ബുധനാഴ്ച കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മീറ്റില്‍ ജാവലിന്‍ ത്രോ മത്സരം നടക്കുമ്ബോള്‍ വൊളന്റിയറായിരുന്നു അഫീല്‍ എന്ന വിദ്യാര്‍ഥി.

മത്സരാര്‍ഥി എറിഞ്ഞ ജാവലിന്‍ എടുക്കുമ്ബോളാണ് തലയില്‍ ഹാമര്‍ വീണത്. രണ്ടുമത്സരവും ഒരേസമയം നടത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. വേണു, സായിയില്‍നിന്ന് വിരമിച്ച കോച്ച്‌ എം.ബി. സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി. ദിജു എന്നിവരടങ്ങിയ സമിതി കണ്ടെത്തി.

സംഘാടകസമിതിയിലെ പ്രധാന അംഗങ്ങളായ അഞ്ച് പേര്‍ക്കാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. 16 പേരില്‍നിന്ന് മൊഴി എടുത്തശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്‌പോര്‍ട്സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കായികമന്ത്രി ഇ.പി. ജയരാജന് കൈമാറും.

ഒക്ടോബര്‍ നാലിനാണ് പാലാ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സന് ഹാമര്‍ തലയില്‍വീണ് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഫീല്‍ തിങ്കളാഴ്ചയാണ് മരിച്ചത്.

മറ്റ് നിര്‍ദേശങ്ങള്‍

മൂന്നുദിവസങ്ങളിലായുള്ള കായികമത്സരങ്ങള്‍ അഞ്ചോ ആറോ ദിവസമായി വര്‍ധിപ്പിക്കണം

ജിംനാസ്റ്റിക്‌സ് മത്സരങ്ങള്‍പോലെ എല്ലാ കായികമത്സരങ്ങളും ഇന്‍ഷുര്‍ ചെയ്യണം

ത്രോ ഇനങ്ങള്‍ ഒരേസമയത്ത് നടത്താന്‍ പാടില്ല