ന്യൂഡല്‍ഹി: അനായാസ വിജയം പ്രതീക്ഷിച്ച്‌ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് അടി പതറുന്നു. കോണ്‍ഗ്രസ് ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. 90 സീറ്റുകളില്‍ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് എന്നാല്‍ നാല്‍പ്പത് സീറ്റുകളില്‍ മാത്രമാണ് ലീഡ്. 30 സീറ്റുകളില്‍ മുന്നേറി കോണ്‍ഗ്രസ് ബിജെപിക്ക് തൊട്ടുപിന്നാലെ എത്തി. ജെജെപി 10 സീറ്റിലും മുന്നേറുന്നുണ്ട്.

അതേസമയം, പ്രതിപക്ഷത്തെ പടലപിണക്കം തുണയ്ക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകളാണ് തകര്‍ന്നത്. ഇതോടെ കോണ്‍ഗ്രസ് ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്തെത്തുകയും ചെയ്തു. പത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച്‌ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഹൂഡയുടെ നീക്കമെന്നാണ് സൂചന. അതേ സമയം ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും എന്നുതന്നെയാണ് സൂചന.

അതേസമയം, മാറ്റങ്ങള്‍ക്ക് ഒന്നും സാധ്യതയില്ലാതെ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഭരണത്തില്‍ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ശിവസേനയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് കരിനിഴല്‍ വീണു. മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നേറ്റം നടത്താനായതും കോണ്‍ഗ്രസിന് ആശ്വാസമായി. നിലവില്‍ 164 സീറ്റുകള്‍ എന്‍ഡിഎയും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 87 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 7 സീറ്റുകളില്‍ പ്രകാശ് അംബേദ്കര്‍ രൂപീകരിച്ച വഞ്ചിത് ബഹുജന്‍ അഗാഡിയും ലീഡ് ചെയ്യുകയാണ്.