തിരുവനന്തപുരം: അനുകൂലമായ കാലാവസ്ഥ പോലും ഉപയോഗിക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് കേരളത്തില്‍ മുന്നേറണമെങ്കില്‍ സംഘടനാ പരമായ സമൂലമായ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണെന്ന് തോന്നുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയും ബി.ജെ.പി ക്ക് തിരിച്ചടിയായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. കേരളത്തില്‍ വര്‍ഷങ്ങളായി നിലവിലുള്ള ദ്വിമുന്നണി സംവിധാനത്തെ മാറ്രി തങ്ങളുടെ മുന്നണിയെക്കൂടി പ്രധാന ട്രാക്കില്‍ കയറ്രണമെങ്കില്‍ ബി.ജെ.പി ക്ക് ഇനിയും ഒരുപാട് വിയര്‍ക്കേണ്ടിവരും.

ശബരിമല വിഷയത്തില്‍ ഉണ്ടായ അനുകൂല വികാരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുതലാക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് ആ വോട്ട് പോലും ഇപ്പോള്‍ നിലനിറുത്താന്‍ കഴിയുന്നില്ല. ദേശീയ തലത്തില്‍ ഉണ്ടായ അനുകൂല അന്തരീക്ഷം കേരളത്തില്‍ മുതലാക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. അതേസമയം,​ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു മുന്നണി എന്ന നിലയില്‍ മുന്നോട്ടുപോവാനും കഴിയുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നേതൃത്വ മാറ്രത്തിനായുള്ള ആവശ്യം ബി.ജെ.പിയില്‍ ഉയരാനാണ് സാദ്ധ്യത.

ആദ്യ റൗണ്ടുകളിലെ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ മഞ്ചേശ്വരത്ത് ഒഴികെ മറ്റൊരു മണ്ഡലത്തില്‍ ബി.ജെ.പിക്ക് മുന്നില്‍ എത്താന്‍ സാധിച്ചിട്ടില്ല. മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ മുന്നിട്ടു നില്‍ക്കുമ്ബോള്‍ 19000 വോട്ടുകളാണ് ഇപ്പോള്‍ രവീഷ തന്ത്രി കുണ്ടാര്‍ നേടിയിട്ടുള്ളത്. പോസ്റ്റല്‍ വോട്ട് എണ്ണുമ്ബോള്‍ ഉണ്ടായ മൂന്ന് വോട്ടിന്റെ ലീഡ് മാത്രമാണ് എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍‌ത്ഥിക്കുണ്ടായത്. കോന്നിയില്‍ ശബരിമല വിഷയം ഉയര്‍ത്തി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ മത്സരത്തിനിറങ്ങിയ കെ.സുരേന്ദ്രന് ഇപ്പോഴും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 2016ലെ തിര‍ഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ബി.ജെ.പി എസ്. സുരേഷ് കുമാറിനെ ഇത്തവണ രംഗത്തിറക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍‌ത്ഥിയാകിമെന്ന സൂചന പുറത്തുവന്നെങ്കിലും എസ്.സുരേഷ് കുമാറിനെ രംഗത്തിറക്കുകയായിരുന്നു.

അതേസമയം,​ പാലാ ഉപതിര‌ഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്ബോള്‍ തന്നെ തങ്ങള്‍ സിക്സറടിക്കും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ യു. ഡി . എഫിന് പ്രതീക്ഷയ്ക്കൊത്ത നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല തങ്ങളുടെ സിറ്റിംഗ് സീറ്രില്‍ തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ലോക്സഭയില്‍ കേരളത്തില്‍ നേടിയ വിജയമാണ് കോണ്‍ഗ്രസിന് ആശ്വാസമായിരുന്നതെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുന്ന രീതിയിലേക്ക് നീങ്ങുകയാണ്.

രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യവും കോണ്‍ഗ്രസിന് മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെന്ന വിശ്വാസവും ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാടിനോടുള്ള എതിര്‍പ്പുമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തില്‍ കലാശിച്ചതെങ്കില്‍ ഇനി എല്‍.ഡി.എഫിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ യു.ഡി.എഫിന് കാര്യമായി യത്നിക്കേണ്ടി വരും. മുന്നണി സംവിധാനത്തിനകത്തെ അപസ്വരങ്ങള്‍ ഇല്ലാതാക്കുകയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസ്വാരസ്യം ഒഴിവാക്കുകയും പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോരുകള്‍ കുറയ്കുകയും പരമാവധി പുതുമുഖങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയും ചെയ്താല്‍ യു.ഡി.എഫിന് ഇനിയും തിരിച്ചുവരാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ പാലാ കൂടാതെ രണ്ട് സീറ്റിംഗ് സീറ്റുകള്‍ കൂടി പിടിവിട്ടുപോകുന്നത് യു.ഡി.എഫില്‍ അസ്വാരസ്യത്തിന് വഴിവയ്ക്കും.