ന്യൂഡല്‍ഹി: മഹാരാഷ്ട്ര-ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത ലീഡ്. മഹാരാഷ്ട്രയില്‍ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. മഹാരാഷ്ട്ര-ബി.ജെ.പി 161, കോണ്‍ഗ്രസ് 90, ഹരിയാന ബി.ജെ.പി-41,കോണ്‍ഗ്രസ് 29 എന്നിങ്ങനെയാണ് ഇപ്പോഴുള്ള ലീഡ്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയില്‍ 145 സീറ്റാണ് വേണ്ടത്. ഹരിയാനയില്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ആവര്‍ത്തിച്ച്‌ മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂഡ രംഗത്തെത്തി. ഹരിയാനയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും ഹൂഡ വ്യക്തമാക്കി. മുംബയിലെ വോര്‍ളി മണ്ഡലത്തില്‍ വന്‍ ലീഡുമായി മുന്നേറുകയാണഅ ശിവസേന നേതാവ് ആദിത്യ താക്കറെ. 7,300 വോട്ടുകളുടെ ലീഡാണ് ആദിത്യത താക്കറെയ്ക്ക് ഉള്ളത്. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ നിലപാട്. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ തന്നെ പുതിയ സര്‍ക്കാര്‍ വരുമെന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ശിവസേന മുഖ്യമന്ത്രി പദത്തിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിറുത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം ഹരിയാനയില്‍ തൂക്കുസഭക്കുള്ള സാദ്ധ്യതകളും ചില എക്സ്റ്റ്‌പോളുകള്‍ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ ഹൂഡ, ബി.ജെ.പി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, ഗുസ്തി താരം ബബിത ഫോഗട്ട് തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഹരിയാനയിലെ 90 സീറ്റുകളിലും മഹാരാഷ്ട്രയിലെ 288 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്.