വാഷിംഗ്ടണ്‍: ജമ്മു കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് വിദേശ മാദ്ധ്യമങ്ങള്‍ മറച്ചുവെക്കുന്നു എന്ന് മുതിര്‍ന്ന ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തക ആരതി ടികൂ സിംഗ്. പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ ഭീകരരാണ് കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആക്രമണം നടത്തുന്നതെന്ന് ആരതി പറഞ്ഞു. ‘ദക്ഷിണേഷ്യയിലെ മനുഷ്യാവകാശങ്ങള്‍’ എന്ന വിഷയത്തില്‍ അമേരിക്കന്‍ മനുഷ്യാവകാശ പ്രതിനിധിസഭയില്‍ സംസാരിക്കവെയാണ് ആരതി ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളിലെ പാകിസ്ഥാന്റെ പങ്ക് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ബോധപൂര്‍വ്വം മറച്ചുവെച്ചു. കശ്മീരിലെ പാകിസ്ഥാന്‍ ഭീകരതയുടെ ഇരകളെക്കുറിച്ച്‌ പോലും ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ തയ്യാറായില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നതിനെ എതിര്‍ത്തിരുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ഷുജാത്ത് ബുഹാരിയുടെ കൊലപാതകത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയാണെന്ന് ആരതി പറഞ്ഞു.

2018 ജൂണ്‍ 14നാണ് ബുഖാരി ശ്രീനഗറില്‍ വെച്ച്‌ കൊല്ലപ്പെട്ടത്. കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയിരുന്ന അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പ്രതികരിച്ചതിനാണ് ബുഖാരിയെ ഭീകരര്‍ കൊലപ്പെടുത്തിയത്. അദ്ദേഹം കശ്മീരില്‍ സമാധാനം പുലരണമെന്ന് നിരന്തരം ആഗ്രഹിച്ചിരുന്നതായും ആരതി വ്യക്തമാക്കി.

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ 2008 നവംബറില്‍ ഇന്ത്യക്കാരും വിദേശികളുമുള്‍പ്പെടെ 166 പേരുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലും ലഷ്ര്‍-ഇ-തൊയ്ബയാണെന്ന് ആരതി പറഞ്ഞു. ‘റൈസിംഗ് കശ്മീരി’ന്റെ എഡിറ്ററായിരുന്ന ഷുജാത്ത് ബുഖാരിയുടെ കൊലപാതകത്തിന് പിന്നിലെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പങ്ക് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.