ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ പല വിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങളും വ്യത്യസ്ത നിലപാടുകളും സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പുതിയ കോര്‍കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി.

മുതിര്‍ന്ന നേതാക്കളേയും യുവനേതാക്കളേയും ഉള്‍പ്പെടുത്തി പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുന്നതിനും പ്രധാന നയപ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പ്രതികരണം രൂപപ്പെടുത്തുന്നതിനായി ബൗദ്ധിക സമിതി രൂപീകരിക്കാനാണ് തീരുമാനം.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ കമ്മിറ്റിയുടെ ഭാഗമാകും.

ഈ മാസം 25-ന് 21 അംഗ ബൗദ്ധിക സമിതിയുടെ ആദ്യ യോഗം ഡല്‍ഹിയില്‍ ചേരും. തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടി നടപ്പാക്കേണ്ട തന്ത്രങ്ങള്‍ ഈ കമ്മിറ്റിയില്‍ രൂപീകരിക്കും. മുതിര്‍ന്ന നേതാക്കളെ കൂടാതെ നിരവധി യുവനേതാക്കളും ഈ കമ്മിറ്റിയിലുണ്ട്. യുവനേതാക്കള്‍ ആരെല്ലാമാണെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.