ലണ്ടന്‍ : ബ്രിട്ടണിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്റ് സ്വദേശിയുമായ 25 കാരനെ പോലീസ് അറസ്റ്റു ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിദാരുണമായ സംഭവമാണ് ഇതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ആരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

എസക്‌സിലെ വാട്ടേര്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റേത് ഉള്‍പ്പെടെ 39 പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്.

ശനിയാഴ്ചയാണ് ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി ബ്രിട്ടണില്‍ പ്രവേശിച്ചത്. മൃതദേഹം കണ്ടെത്തിയ എസക്‌സില്‍ നിന്നും ഏകദേശം 480 കിലോമീറ്റര്‍ അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടണില്‍ എത്തിയത്. ലോറി ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.