അബുദാബി:റോഡുകളിലെ സീബ്ര ലൈനുകള്‍ ത്രീഡിയാക്കി ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ് അബുദാബി. നഗരത്തിനുള്ളിലെ സര്‍വീസ് റോഡുകളിലാണ് ഇത്തരത്തില്‍ ചുവപ്പും മഞ്ഞയും നീലയും കറുപ്പും ചാരനിറവും ചേര്‍ന്ന് ത്രീഡി നടവഴികള്‍ ഒരുക്കിയിട്ടുള്ളത്.
ആളുകള്‍ റോഡ് മുറിച്ചുകടക്കാന്‍ സാധ്യതകൂടുതലുള്ള, താമസകേന്ദ്രങ്ങളും പാര്‍ക്കുകളും ആരാധനാലയങ്ങളുമേറെയുള്ള ഭാഗങ്ങളിലാണ് ഈ നടവഴികളുള്ളത്.
വാഹനങ്ങള്‍ക്ക് വളരെ ദൂരെനിന്നുതന്നെ റോഡിലെ ഈ അറിയിപ്പ് മനസിലാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ദൂരെനിന്ന് നോക്കിയാല്‍ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ചെറിയ ബ്ലോക്കുകള്‍ റോഡിന് കുറുകെ നിരത്തിയിട്ടതായാണ് തോന്നുക. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. റോഡിന് അടുത്തെത്തിയാലാണ് ത്രീഡി അടയാളമാണിതെന്ന് മനസിലാവുക. രാത്രിയില്‍ വാഹനങ്ങളുടെ വെളിച്ചത്തില്‍ ഇതിന് തിളങ്ങി ഉയര്‍ന്ന് നില്‍ക്കുന്ന പ്രതീതിയാണ്.
അബുദാബി എയര്‍പോര്‍ട്ട് റോഡിനും ഉം അല്‍ ഇമാറാത്ത് പാര്‍ക്കിനും എമിഗ്രേഷന്‍ കേന്ദ്രത്തിന് സമീപമുള്ള ഭാഗങ്ങളിലെ സര്‍വീസ് റോഡുകളില്‍ ഒരുക്കിയ ത്രീഡി നടവഴികള്‍ ഏറെ ഉപയോഗപ്രദമാണ്. പാര്‍ക്കിലേക്ക് കുട്ടികള്‍ ഓടിയെത്തുന്ന സ്ഥലംകൂടിയാണിത്.
കൂടുതല്‍ സര്‍വീസ് റോഡുകളിലേക്ക് മുനിസിപ്പാലിറ്റിയുടെ ത്രീഡി നടവഴികള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ഈ രീതി നടപ്പാക്കിയിരിക്കുന്നത്.