ഹോങ്കോങ്: മാസങ്ങളോളംനീണ്ട പ്രക്ഷോഭത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനല്‍കുന്ന ബില്‍ ഹോങ്‌കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി.

ഈ ബില്‍ ഏപ്രിലിലാണ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ലക്ഷകണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചതോടെ ബില്‍ താത്ക്കാലികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ ബില്‍ നിയമമാക്കാനുള്ള നീക്കം പൂര്‍ണ്ണമായി അവസാനിപ്പിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. മധ്യ ഹോങ്‌കോങ്ങിലെ വിക്ടോറിയ ചത്വരത്തില്‍നടന്ന പ്രതിഷേധറാലിയില്‍ പത്തുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തിരുന്നു.

ഭരണാധികാരി കരീലാം രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയെ പിന്തുണക്കുന്നയാളാണ് ലാം. 1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997-ല്‍ ബ്രിട്ടന്‍ ചൈനയ്ക്ക് കൈമാറിയതിന് ശേഷം ഇവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.

വിദേശ ശക്തികളുടെ പിന്തുണയോടെയാണ് ഹോങ്‌കോങില്‍ പ്രക്ഷോഭമെന്നാണ് ചൈനയുടെ വാദം.