ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഡി കെ ശിവകുമാറിനും ജാമ്യം ലഭിച്ചു. ഡെല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ഡികെയ്ക്ക് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശിവകുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഉപാധികളോടെയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. സെപ്തംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. അതേസമയം നേരത്തെ അറസ്റ്റ് ചെയ്ത പി ചിദംബരത്തിന് കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഐഎന്‍എക്‌സ് മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലായതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.

ബുധനാഴ്ച രാവിലെ ശിവകുമാറിനെ തിഹാര്‍ ജയിലിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാവ് അംബിക സോണിയും കണ്ടിരുന്നു. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി ശിവകുമാറിനൊപ്പമുണ്ടെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും സോണിയ ഉറപ്പ് നല്‍കിയതായി സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.